കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അതിനു മുൻപുളള വിചാരണകൾ ഒഴിവാക്കണമെന്നും സിദ്ദിഖ്. മനോരമ ന്യൂസ് കോൺക്ലേവിൽ നടന്ന ചർച്ചയിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. കേസിൽ സഹപ്രവർത്തകൻ ഉൾപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതും ഗൂഢാലോചന നടത്തിയെന്നു പറഞ്ഞതും പൾസർ സുനിയാണ്. അതിനുശേഷം ഗൂഢാലോചനയിൽ സഹപ്രവർത്തകന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാലിതിൽ തീരുമാനം പറയേണ്ടത് കോടതിയാണെന്നും സിദ്ദിഖ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങളാണു പൗരനെന്ന പേരിൽ തന്റെ സ്വാതന്ത്ര്യം ഹനിച്ചത്. ഉത്തരം പറയാൻ പോലും തന്നെ സമ്മതിക്കാതെ സ്വാതന്ത്ര്യം നിഷേധിക്കുന്നതു മാധ്യമങ്ങളാണെന്നും ‘പൊലീസുകാര്‍ക്കോ സാധാരണക്കാർക്കോ? ആർക്കാണു സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സിദ്ദിഖ് അഭിപ്രായപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ജയിലിൽ ആയപ്പോൾ ശക്തമായ പിന്തുണയുമായി ദിലീപിന് ഒപ്പം നിന്ന വ്യക്തിയാണ് സിദ്ദിഖ്. ദിലീപിനെ ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്ത സമയത്ത് സിദ്ദിഖ് അവിടെ എത്തിയിരുന്നു. ജയിലിലും ദിലീപിനെ കാണാൻ സിദ്ദിഖ് എത്തിയിരുന്നു. ജാമ്യം ലഭിച്ച് ദിലീപ് ജയിലിൽനിന്നും പുറത്തെത്തിയപ്പോഴും സന്തോഷത്തിൽ പങ്കുചേരാൻ സിദ്ദിഖ് മുന്നിലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ