/indian-express-malayalam/media/media_files/2025/12/08/pulsar-suni-2025-12-08-08-08-08.jpg)
പൾസർ സുനി
Actress Assault Case Sentencing Today: കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശിക്ഷാവിധിയിൽ വാദം പൂർത്തിയായി. വിധി 3.30ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വീട്ടിലുള്ളത് പ്രായമായ അമ്മ മാത്രമാണെന്നും സംരക്ഷണത്തിന് താന്‍ മാത്രമേ ഉള്ളൂവെന്നും അതിനാല്‍ ശിക്ഷാ ഇളവ് വേണമെന്നും പൾസർ സുനി കോടതിയോട് ആവശ്യപ്പെട്ടു. പ്രതിക്കൂട്ടില്‍ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. ചെയ്യാത്ത തെറ്റിന് അഞ്ചര വര്‍ഷം ജയിലിലിട്ടെന്ന് പറഞ്ഞാണ് മാർട്ടിൻ കരഞ്ഞത്. രോഗികളായ മാതാപിതാക്കളുണ്ടെന്നും താൻ മാത്രമാണ് അവർക്കുള്ളതെന്നും മാർട്ടിൻ കോടതിയോട് പറഞ്ഞു. ശിക്ഷ കുറച്ചാൽ പോരെന്നും ജയിൽ മോചിതനാക്കണമെന്നും മാർട്ടിൻ ആവശ്യപ്പെട്ടു.
ഗൂഢാലോചനയിൽ പങ്കില്ലെന്ന് മൂന്നാം പ്രതി മണികണ്ഠൻ പറഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നും തലശ്ശേരിയിലാണ് നാടെന്നും കണ്ണൂർ ജയിലിൽ ഇടണമെന്നും നാലാം പ്രതി വിജീഷ് ആവശ്യപ്പെട്ടു. ചെറിയ പ്രായത്തിലുള്ള ഒരു മകളുണ്ടെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും അഞ്ചാം പ്രതി എച്ച്.സലീം ആവശ്യപ്പെട്ടു.
Also Read: തദ്ദേശപ്പോര്; ഏഴു ജില്ലകളിലും മികച്ച പോളിങ്
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൃത്യത്തിലെ പങ്കാളിത്തിന്റെ അളവ് നോക്കാതെ എല്ലാവർക്കും ഓരേ ശിക്ഷ നൽകണം. ആദ്യ പ്രതിക്കും അവസാന പ്രതിക്കും പരമാവധി ശിക്ഷ നൽകണം. പ്രധാന കുറ്റം ചെയ്തത് ആദ്യ പ്രതി ആണെങ്കിലും കുറ്റകൃത്യത്തിൽ എല്ലാവർക്കും പങ്കുണ്ട്. കൃത്യത്തിലേക്ക് നയിച്ചതും ചെയ്യാൻ സഹായം കൊടുത്തതും മറ്റ് പ്രതികളാണ്. അതിനാൽ അവരും തുല്യ കുറ്റക്കാരാണ്. 20 വർഷത്തിൽ കുറയാത്ത ശിക്ഷ നൽകണമെന്നും പ്രോസികൃൂഷൻ ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തിന്റെ പങ്കാളിത്തം നോക്കിയല്ലേ ശിക്ഷിക്കേണ്ടത് അതല്ലേ രീതിയെന്ന് കോടതി ചോദിച്ചു. ഗൗരവമുള്ള കുറ്റം ചെയ്തത് പ്രധാന പ്രതി മാത്രമല്ലേ. ബലാത്സംഗം നടത്തിയത് പൾസർ സുനി മാത്രമാണ്. മറ്റുള്ളവർ സഹായം നൽകുകയാണ് ചെയ്തത്. അങ്ങനെയെങ്കിൽ മുഴുവൻ പ്രതികൾക്കും ഒരേ ശിക്ഷ വേണോയെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു. അഭിപ്രായം പറയാനുള്ളവർക്കൊക്കെ അഭിപ്രായം പറയാം. പക്ഷേ വിധിന്യായം വായിച്ചതിന് ശേഷമേ പറയാവൂവെന്ന് കോടതി ഉത്തരവിട്ടു.
Also Read: "ഇനി ഇവിടെയുണ്ടാകും;" പാലക്കാടെത്തി വോട്ടു ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ
നടൻ ദിലീപും പൾസർ സുനിയും ഉൾപ്പെടെ കേസിലാകെ പത്തു പേരായിരുന്നു വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് വിചാരണ കോടതി നടനെ വെറുതെ വിടുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു നടൻ ദിലീപ്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. കേസിൽ അപ്പീൽ പോകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ പോകാൻ സർക്കാർ
2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. 2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. നീണ്ട എട്ടുവർഷം കൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയത്.
Read More: 'ഗാന്ധിജി നാക്കിൽ മാത്രം, ഹൃദയത്തിൽ ഇല്ലെന്ന്' ഹൈക്കോടതി; സൂരജ് ലാമയെ കയറ്റി വിട്ടതിൽ രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us