കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന് തിരിച്ചടി. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി പ്രത്യേക കോടതി തളളി. വിടുതൽ ആവശ്യം പരിഗണിക്കാൻ / പ്രഥമ ദൃഷ്ട്യാ കാരണങ്ങൾ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. പത്താം പ്രതി വിഷ്ണുവിന്റെ വിടുതൽ ഹർജിയും കോടതി തള്ളി.

ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് ദിലീപും വിഷ്ണുവും കോടതിയെ സമീപിച്ചത്. ഹൈക്കോടതിയെ സമീപിക്കാൻ സമയം തേടിയെങ്കിലും പ്രത്യേക കോടതി ജഡ്ജി ഹണി എം.വർഗീസ് അനുവദിച്ചില്ല. കേസ് സമയബന്ധിതമായി തീർക്കാൻ സുപ്രീം കോടതിയുടെ നിർദേശമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് വിടുതൽ ഹർജി തള്ളിയതെന്ന് സ്‌പെഷ്യൽ പോസിക്യൂട്ടർ പി.സുരേശൻ അറിയിച്ചു. തെളിവായി ലഭിച്ച ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദൃശ്യങ്ങളുടെ സ്വകാര്യത സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. ദൃശ്യങ്ങൾ വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിച്ച ശേഷമാണ് ദിലീപ് വിടുതൽ ഹർജി നൽകിയത്.

പ്രതികൾക്ക് തിങ്കളാഴ്ച കുറ്റപത്രം നൽകും. കുറ്റപത്രം വായിച്ചു കേൾക്കാൻ തിങ്കളാഴ്ച ദിലീപടക്കം മുഴുവൻ പ്രതികളും ഹാജരാവണം. ദിലീപും പൾസർ സുനിയും ഇന്ന് കോടതിയിൽ ഹാജരാവാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

ദിലീപിന്റെ വിടുതൽ ഹര്‍ജിയില്‍ ഡിസംബർ 31നാണ് കോടതി വാദം കേട്ടത്. ദിലീപ് സമർപ്പിച്ച ഹർജിയിൽ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്.

Read More: നടിയെ ആക്രമിച്ച സംഭവം: പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ദിലീപ്

തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളില്‍ എഡിറ്റിങ്‌ നടന്നിട്ടുണ്ടെന്ന സംശയം ദിലീപ്‌ ഉന്നയിച്ചിരുന്നു. അതിനാല്‍ ദൃശൃങ്ങളുടെ സ്വീകാര്യത സംശയാസ്‌പദമാണെന്ന് ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. പ്രഥമദൃഷ്‌ട്യാ കേസ്‌ നിലനില്‍ക്കില്ലെന്നും ദിലീപ് ആരോപിക്കുന്നു. 10 പ്രതികളില്‍ ആറുപേരും അവരുടെ അഭിഭാഷകരുമാണ്‌ ദൃശ്യങ്ങള്‍ പരിശോധിച്ചത്‌.

കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയായിരുന്നു ദിലീപ് വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹർജി തള്ളിയാൽ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാൻ അവസരമുണ്ട്. കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook