കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ നടന്‍ മുകേഷിന്റെ സാക്ഷി വിസ്താരവും പൂര്‍ത്തിയായി.

കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ അഭിഭാഷകൻ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപും മുഖ്യപ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന.

ദിലീപിനെതിരായി മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയിരുന്നു. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ഉപാധികള്‍ നടന്‍ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

Read More: പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതിനകം 44 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.

കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മൂന്നുമാസം കൂടി വേണമെന്നാണ് ജഡ്‌ജി സുപ്രീം കോടതിയെ അറിയിച്ചത്. കേസിൽ വിചാരണ നടപടികൾ വെെകരുതെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാനായിരുന്നു സുപ്രീം കോടതി നിർദേശം.

എന്നാൽ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് പലപ്പോഴും വിചാരണ നടപടികൾ തടസപ്പെട്ടതായും അതുകൊണ്ട് കൂടുതൽ സമയം അനുവദിക്കണമെന്നും ജഡ്‌ജി ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ കോടതി ജഡ്‌ജി ഹണി വർഗീസാണ് സുപ്രീം കോടതിയിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.