കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയായേക്കും. ഗൂഢാലോചന നടത്തിയത് കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമാണെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് നീക്കം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി നാളെ പൊലീസിന്റെ പ്രത്യേക യോഗം ചേരും. എഡിജിപിയുടെ നേതൃത്വത്തിലുളള യോഗത്തിലേക്ക് സ്പെഷൽ പ്രോസിക്യൂട്ടറെയും വിളിച്ചിട്ടുണ്ടെന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.

അന്വേഷണ സംഘം കുറ്റപത്രം തയാറാക്കിയതായാണ് സൂചന. കുറ്റപത്രത്തിന്റെ അന്തിമ പരിശോധനയാണ് നാളെ പൊലീസ് ക്ലബിൽ നടക്കുക. കുറ്റപത്രത്തിൽ ദിലീപിനെ ഒന്നാം പ്രതിയെന്നാണ് ലഭിക്കുന്ന വിവരമെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ നാളെയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുളള നീക്കം നടക്കുന്നത്. സുനിൽ കുമാറിന് നടിയോട് മുൻ വൈരാഗ്യമില്ല. ഒരു ക്വട്ടേഷന്റെ ഭാഗമായാണ് സുനിൽ കുമാർ കൃത്യം നടത്തിയത്. ക്വട്ടേഷൻ കൊടുത്തത് ദിലീപാണ്. ക്വട്ടേഷൻ നൽകിയതു മുതൽ അത് നടപ്പിലാകുന്നതുവരെയുളള ഓരോ കാര്യങ്ങളും ദിലീപ് അറിയുന്നുണ്ടായരുന്നു. ആക്രമിച്ച ആളും ആക്രമണത്തിന് നിർദേശിച്ച ആളും തമ്മിൽ വ്യത്യാസമില്ല. ദിലീപ് പറഞ്ഞതുപോലെയാണ് ക്വട്ടേഷൻ നടപ്പിലാക്കിയത്. അതിനാൽതന്നെ ദിലീപിനെ ഒന്നാം പ്രതിയാക്കാം. ക്വട്ടേഷൻ നൽകുന്നത് കൃത്യത്തിൽ പങ്കെടുക്കുന്നതിന് തുല്യമാണെന്നും നിയമോപദേശം ലഭിച്ചതായാണ് വിവരം.

നിലവിൽ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തിൽ ദിലീപിനെ ഒന്നാം പ്രതിയാക്കിയാൽ ക്വട്ടേഷൻ ഏറ്റെടുത്ത സുനിൽ കുമാർ രണ്ടാം പ്രതിയാകും. 11 പ്രതികളാണ് കുറ്റപത്രത്തിലുളളത്. കോടതിയിൽ രേഖപ്പെടുത്തിയ 26 രഹസ്യമൊഴികൾ കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ടെന്നും വിവരമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ