കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കേസിൽ പിടിയിലായ പള്‍സര്‍ സുനി അടക്കമുളള പ്രതികളെ അങ്കമാലി കോടതിയില്‍ ഹാജരാക്കിപ്പോഴായിരുന്നു പ്രതികരണം. പ്രതികളെല്ലാവരും കുടുങ്ങിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു സുനിയുടെ മറുപടി.

കേസിൽ ഇനിയും സ്രാവുകൾ പിടിയിലാകാനുണ്ടെന്നു പൾസർ സുനി നേരത്തെയും മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇനിയും വൻ സ്രാവുകളുണ്ട്. ‍ഞാൻ കള്ളം പറയില്ല. വ്യക്തമായ തെളിവുകൾ എന്റെ പക്കലുണ്ടെന്നും സുനി അവകാശപ്പെട്ടു. മറ്റൊരു കേസിൽ ചേർത്തല കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൾസർ സുനി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. ഇതിനു മുൻപ് അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനി പ്രതികരിച്ചത്.

അതേസമയം, പൾസർ സുനിയെ മുൻപരിചയമുണ്ടായിരുന്നുവെന്ന് ദിലീപിന്റെ സഹായി അപ്പുണ്ണി മൊഴി നൽകി. നടൻ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ പൾസർ സുനിയെ അറിയാം. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അപ്പുണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ