കൊച്ചി:  തന്നെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

വിചാരണ കോടതി പക്ഷപാതപരമായും ശത്രുതാപരമായും പെരുമാറുകയാണന്നും ഈ കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹർജി സമർപ്പിച്ചത്.

തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകൻ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും ജഡ്ജി നിശബ്ദ കാഴ്ചക്കാരിയായി ഇരുന്നുവെന്നും തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും ഹർജിയിൽ പറയുന്നു. പ്രോസിക്യൂഷൻ നിരന്തരം ആവശ്യപ്പെട്ടിട്ടും കോടതി അവഗണിച്ചു.

കോടതിയിൽ വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം എട്ടാം പ്രതിയുടെ അഭിഭാഷകന് കൈമാറിയെന്നും നടി ആരോപിച്ചു. പ്രോസിക്യൂഷന്റെ അസാന്നിധ്യത്തിൽ അനുമതിയില്ലാതെയായിരുന്നു ഈ നടപടിയെന്നും നടിയുടെ ഹർജിയിൽ പറയുന്നു.

തന്റെ മൊഴിയെടുത്ത ദിവസം അഭിഭാഷകരുടെ എണ്ണം കുറയ്ക്കാതിരുന്ന കോടതി രഹസ്യ വിചാരണയുടെ സ്വഭാവം തന്നെ ഇല്ലാതാക്കിയെന്നാണ് നടിയുടെ മറ്റൊരു ആരോപണം. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്ന് പ്രോസിക്യൂഷൻ തന്നെ നിലപാട് സ്വീകരിച്ചതായും ഹർജിയിൽ പറയുന്നു. സാക്ഷികൾ നിരന്തരം കൂറുമാറിയതിനെ തുടർന്ന് എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി ഇനിയും പരിഗണിച്ചിട്ടില്ലന്നും ഹർജിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.