ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിക്കാൻ കൂടുതൽ സിനിമാ താരങ്ങൾ ആലുവാ സബ്ജയിലിലെത്തുന്നു. ജയറാമാണ് തിരുവോണ നാളിൽ ദിലീപിനെ സന്ദർശിക്കാനെത്തിയത്. അൽപ സമയം മുൻപായിരുന്നു ജയറാമിന്റെ സന്ദർശനം.

ദിലീപിന് ഓണക്കോടി നൽകാനാണ് താൻ എത്തിയതെന്ന് ജയറാം പറഞ്ഞു. ‘ഒരു ഓണക്കോടി കൊടുക്കാന്‍ പോയതാണ്. എല്ലാവര്‍ഷവും ഞങ്ങള്‍ തമ്മിലുളള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത്’ ജയറാം പറഞ്ഞു.

ജയിലിനുളളില്‍ ദിലീപ് സന്തോഷവാനാണോ എന്നുളള ചോദ്യത്തിന് അദ്ദേഹം നല്ല സന്തോഷവാനാണെന്നും ജയറാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലില്‍ നിന്നിറങ്ങി വാഹനത്തിനുളളിലേക്ക് ധൃതിയില്‍ നടന്നുവരികെയാണ് ജയറാമിനെ മാധ്യമങ്ങള്‍ വളഞ്ഞത്. വേഗത്തില്‍ തന്നെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസങ്ങളിലായി കാവ്യ മാധവനും ദിലീപിന്റെ മകളും സിനിമാ മേഖലയില്‍ നിന്നും അടുത്ത സുഹൃത്തുക്കളും ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവര്‍ ഉത്രാടനാളിലാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്.

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ദിലീപിന് അനുമതി നല്‍കിയിരുന്നു. പിന്നാലെ ഭാര്യയും നടിയുമായ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തി താരത്തെ കണ്ടിരുന്നു. ജയിലിനകത്തെ ഗാര്‍ഡ് റൂമില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവര്‍ക്കൊപ്പം കാവ്യയുടെ പിതാവ് മാധവനും ഉണ്ടായിരുന്നു.

നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷയും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 11നു ദിലീപിന്റെ മാതാവ് സരോജിനിയമ്മ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ അനുമതി നൽകിയത്. ബുധനാഴ്ച ദിലീപിന് ജയിലിനു പുറത്തിറങ്ങി അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാം. വീട്ടിലും ആലുവ മണപ്പുറത്തുമായാണ് ചടങ്ങുകൾ നടക്കുന്നത്. രണ്ടിടങ്ങളിലെയും ചടങ്ങുകളിൽ പങ്കെടുക്കാൻ 2 മണിക്കൂറാണ് ദിലീപിന് കോടതി സമയം അനുവദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ