കൊച്ചി: നടിയെ ഉപദ്രവിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗുഡാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യാനുണ്ടെന്നും കേസ് മാറ്റണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറാമെന്നും അറിയിച്ചു. ബുധനാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ദിലിപ്, സഹോദരൻ അനുപ്, സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, വി ഐ പി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി അനുമതി നൽകിയതിനെ തുടർന്ന് പ്രതികളെ ക്രൈംബ്രാഞ്ച് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.
പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകൾ കൈമാറാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും നൽകാനാവില്ലന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചിരിക്കുന്നത്. ഫോൺ പരിശോധനക്ക് നൽകിയിരിക്കയാണണെന്നാണ് ദിലീപ് അന്വേഷണ സംഘത്തിന് മറുപടി നൽകിയിരിക്കുന്നത് .
ചോദ്യം ചെയ്യലുമായി സഹകരിച്ചെങ്കിലും പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. നോട്ടീസ് നൽകിയിട്ടും മൊബൈൽ ഫോൺ കൈമാറാത്തത് ഗൗരവതരമാണെന്നും തെളിവ് നശിപ്പിക്കാനുള ശ്രമം നടക്കുകയാണെന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിൽ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിൻ്റെ നീക്കം.
കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് അഞ്ചപ്രതികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിച്ചത്. അതുവരെ പ്രതികളുടെ അറസ്റ്റ് തടഞ്ഞിരുന്നു.
പ്രതികളെ ചോദ്യം ചെയ്യുന്നതിനിടയിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന് എടവനക്കാട്, സംവിധായകരായ റാഫി, അരുണ്‍ ഗോപി, ദിലീപിന്റെ നിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷനിലെ മാനേജരടക്കം മൂന്ന് ജീവനക്കാര്‍ എന്നിവരെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Also Read: മൂന്നു ദിവസമായി 33 മണിക്കൂർ; ദിലീപിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ്