കൊച്ചി: നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാൻ ഒരുക്കിയ കെണിയാണെന്ന് രണ്ടാം പ്രതി മാർട്ടിൻ. സംവിധായകൻ ശ്രീകുമാർ മേനോനും മഞ്ജു വാര്യരും രമ്യ നമ്പീശനും ലാലും ചേർന്നാണ് ദിലീപിനെ കുടുക്കാൻ കെണിയൊരുക്കിയതെന്നാണ് ആരോപണം.  ദിലീപിനെ കുടുക്കിയതിന് മഞ്ജുവിന് പ്രതിഫലമായി മുംബൈയിൽ ഫ്ലാറ്റും ‘ഒടിയൻ’ സിനിമയിൽ വേഷവും ലഭിച്ചുവെന്ന് മാർട്ടിൻ ആരോപിച്ചു. കേസിലെ വിചാരണ നടപടികളുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ മാർട്ടിനെ തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ മാർട്ടിൻ ആദ്യം മൊഴി നൽകിയിരുന്നു. ദിലീപിന് എതിരായിട്ടായിരുന്നു ഈ മൊഴി. പിന്നീട് കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ തനിക്ക് ഭയമാണന്നും അയാളുടെ സാന്നിധ്യത്തിൽ മൊഴി നൽകാൻ ഭയപ്പെടുന്നുവെന്നും പറഞ്ഞ മാർട്ടിൻ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് കോടതിക്കുമുൻപാകെ രഹസ്യമൊഴി നൽകി. ആദ്യ മൊഴിയിൽനിന്നും വ്യത്യസ്തമായി ദിലീപിന് അനുകൂലമായിട്ടായിരുന്നു രഹസ്യമൊഴിയെന്നാണ് റിപ്പോർട്ടുകള്‍.


(വീഡിയോ കടപ്പാട്: മാതൃഭൂമി)

ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് എട്ടാം പ്രതിയായ ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. മഞ്ജു വാര്യരെ കൂടാതെ സിനിമാ മേഖലയില്‍ നിന്ന് അമ്പതോളം സാക്ഷികള്‍ കേസിൽ ഉണ്ടെന്നാണ് വിവരം. 2017 ഫെബ്രുവരി 17 നാണ് നടി ആക്രമണത്തിനിരയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.