/indian-express-malayalam/media/media_files/uploads/2017/01/mt-ramesh.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് സിപിഎം ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് എം.ടി.രമേശ്. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി.പി.വിജീഷ് തലശ്ശേരി കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയിൽ സ്വദേശിയാണ്. അതായത് പി ജയരാജന്റെ അയൽവാസി. മാത്രവുമല്ല പാർട്ടിയുടെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാളാണ്. ഇയാളുടെ സഹോദരൻ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗൂഢാലോചനാ കേസിൽ പ്രതികൂടിയാണെന്നും എം.ടി.രമേശ് ഫെയ്സ്ബുക്കിൽ പറഞ്ഞു.
നാട് നീളെ വല വിരിച്ച് കാത്തിരിക്കുന്ന പൊലീസിന്റെ മൂക്കിന് കീഴെ എത്തി അഭിഭാഷകനെ കാണാനും സ്വർണ്ണം പണയം വെച്ച് പണം ശേഖരിക്കാനും ഇവർക്ക് കഴിഞ്ഞത് എങ്ങനെയെന്ന് തിരക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതുണ്ടോയെന്നും രമേശ് ചോദിച്ചു. ഗുണ്ടകളെ ഒതുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്‌ദാനം നിറവേറ്റാനുള്ള ആദ്യ പരിശ്രമം തുടങ്ങേണ്ടത് മറ്റെങ്ങുനിന്നുമല്ല സ്വന്തം ജില്ലയിൽ നിന്നും പാർട്ടിയിൽ നിന്നുമാണെന്നും രമേശ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിവസം ചെല്ലുന്തോറും ദുരൂഹത കൂടിവരികയാണ്. ചുക്കു ചേരാത്ത കഷായമില്ല എന്നതു പോലെയാണ് കേരളത്തിലെ സിപിഎമ്മിന്റെ അവസ്ഥ. നിയമവിരുദ്ധമായ എന്തു കാര്യം കേരളത്തിൽ ഉണ്ടായാലും അതിന്റെ ഒരു വശത്ത് ഭരണകക്ഷിയിൽ പെട്ട പ്രമുഖ പാർട്ടിയുണ്ടെന്ന അവസ്ഥ ഭയാനകമാണ്. കൊച്ചി എപ്പിസോഡിലും കഥ വ്യത്യസ്തമല്ല. ക്വട്ടേഷൻ സംഘങ്ങളാണ് അരങ്ങിൽ ഉണ്ടായിരുന്നതെങ്കിൽ സംവിധാനവും തിരക്കഥയുമായി അണിയറയിൽ ഉള്ളത് ഭരണകക്ഷിയിലെ പ്രമുഖൻമാർ തന്നെയാണ്. വിശിഷ്യ കണ്ണൂര് ലോബി. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി പി വിജീഷ് തലശ്ശേരി കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയിൽ സ്വദേശിയാണ്. അതായത് പി ജയരാജന്റെ അയൽവാസി. സിപിഎമ്മുകാരനാണെന്ന് പറയേണ്ടതില്ലല്ലോ. മാത്രവുമല്ല പാർട്ടിയുടെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാൾ. ഇയാളുടെ സഹോദരൻ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗൂഡാലോചനാ കേസിൽ പ്രതികൂടിയാണെന്ന് അറിയുമ്പോഴേ ഇയാൾ പാർട്ടിക്ക് എത്ര വേണ്ടപ്പെട്ടവനാണെന്ന് മനസ്സിലാകൂ. നാട് നീളെ വല വിരിച്ച് കാത്തിരിക്കുന്ന പൊലീസിന്റെ മൂക്കിന് കീഴെ എത്തി അഭിഭാഷകനെ കാണാനും സ്വർണ്ണം പണയം വെച്ച് പണം ശേഖരിക്കാനും ഇവർക്ക് കഴിഞ്ഞത് എങ്ങനെയെന്ന് തിരക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതുണ്ടോ? മുഖ്യമന്ത്രിയെ സമാധാനമായി ഭരിക്കാൻ സമ്മതിക്കില്ലെന്ന് ശപഥമെടുത്തിരിക്കുന്നത് പ്രതിപക്ഷമല്ലെന്ന് പിണറായി തിരിച്ചറിഞ്ഞാൽ കൊള്ളാം. ഗുണ്ടകളെ ഒതുക്കുമെന്ന അങ്ങയുടെ വാഗ്ദാനം നിറവേറ്റാനുള്ള ആദ്യ പരിശ്രമം തുടങ്ങേണ്ടത് മറ്റെങ്ങുനിന്നുമല്ല സ്വന്തം ജില്ലയിൽ നിന്നും പാർട്ടിയിൽ നിന്നുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.