എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് 19 ന് നേരിട്ട് ഹാജരകാണമെന്ന് കോടതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് സമന്‍സ് അയച്ചിരിക്കുന്നത്. കേസില്‍ കുറ്റപത്രം കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയുടെ നടപടി. ദിലീപിനെ കൂടാതെ സുനിക്കും അപ്പു മേസ്തിരിക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ദിലീപ് കഴിഞ്ഞ ദിവസം കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു. കടുത്ത ഉപാധികളോടെയായിരുന്നു ജിലീപിന് ജാമ്യം ലഭിച്ചിരുന്നത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്.
ദിലീപ് ഉൾപ്പെടെ പന്ത്രണ്ടുപേരെ പ്രതികളാക്കി കഴിഞ്ഞ മാസം 22നു സമർപ്പിച്ച 1542 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ ഉൾപ്പെടെ 355 സാക്ഷികളാണുള്ളത്. ഇതിൽ അന്പതോളംപേർ സിനിമാ മേഖലയിൽനിന്നുള്ളവരാണ്. മൊബൈൽ ഫോണ്‍ രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ഉടൻ വിചാരണ ആരംഭിക്കുമെന്നാണ് സൂചന. വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തിൽ സംസ്ഥാനസർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കേസിലെ വിചാരണ നീട്ടിക്കൊണ്ട് പോകില്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.