എറണാകുളം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ കോടതിക്ക് മുൻപിൽ പ്രത്യേക​ അപേക്ഷയുമായി ആക്രമിക്കപ്പെട്ട നടി. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിത ജഡ്ജിയും വേണമെന്നാണ് നടിയുടെ ആവശ്യം. കേസിൽ രഹസ്യവിചാരണ വേണമെന്നും വിചാരണയിലെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വരുന്നത് തടയണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വിചാരണ നിശ്ചയിച്ചിരിക്കുന്ന എറണാകുളം സെഷൻസ് കോടതിയിൽ തന്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നടിയുടെ അഭിഭാഷകർ ഹർജി സമർപ്പിച്ചിട്ടുണ്ട്.

അതേസമയം കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് മുൻപായി കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായി. കേസിലെ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറുപ്രതികളും എട്ടാം പ്രതിയായ ദിലീപും കോടതിയിൽ ഹാജരായി.

നടിയെ ആക്രമിച്ച കേസില്‍ പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനും തീയതി നിശ്ചയിക്കുക എന്ന നടപടിക്രമമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടക്കം ചില തെളിവുകള്‍ ലഭിച്ചില്ലെന്ന ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. തെളിവുകള്‍ കിട്ടുംവരെ വിചാരണ മാറ്റിവയ്ക്കണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ