എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ ജനപ്രിയ നായകൻ ദിലീപിന്റെ ഔദ്യോഗിക വെബ്സൈറ്റ് പൂട്ടി. ദിലീപ് ഒാൺലൈൻ(www.dileeponline.com) എന്ന വെബ്സൈറ്റാണ് ഇന്നലെ മുതൽ അപ്രത്യക്ഷമായത്. ദിലീപിന്റെ വെബ്സൈറ്റിന് ഗൂഗിൾ നൽകുന്ന സംഗ്രഹം ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. മലയാളം ക്രിമിനൽ ദിലിപീന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നാണ് ഗൂഗിൾ ദിലീപിന്റെ വെബ്സൈറ്റിന് നൽകുന്ന ഡിസ്ക്രിപ്ഷൻ.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ ദിലീപിന്റെ പ്രതിച്ഛായ വീണ്ടെടുക്കാൻ പി.ആർ കമ്പനികൾ രംഗത്ത് ഇറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ളൊരു സംഭവം എന്നത് ശ്രദ്ധേയമാണ്. ദിലീപ് ഓൺലൈൻ മനപ്പൂർവം നിർത്തിയതാണ് എന്നതാണ് സാങ്കേതിക വിദഗ്ദർ പറയുന്നത്. സൈറ്റ് ഡൗൺ ചെയ്യുന്നതിനുള്ള നടപടികൾ ദിലീപിന്റെ ഐടി ടീം ചെയ്തതായാണ് സൂചന.

നവമാധ്യമങ്ങളിലൂടെ ദിലീപ് ഇരയ്ക്ക് എതിരെ വലിയതോതിലുള്ള ക്യാംമ്പയിൻ നടത്തുന്നുണ്ട് എന്ന് പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ ധരിപ്പിച്ചിരുന്നു. ദിലിപിന് നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാൻ നവമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട് എന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പിആർ കമ്പനിയാണ് ഇതിന് പിന്നിലെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്ക് എതിരെ പൊലീസിന്റെ സൈബർ ഡോം അന്വേഷണം നടത്തുന്നുണ്ട്. ദിലീപിന് അനുകൂലമായി വാർത്ത നൽകാൻ ഫെയിസ്ബുക്കിലും, ട്വിറ്ററിലുമായി 3000 വ്യാജ അക്കൗണ്ടുകൾ ആരംഭിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഒരുപക്ഷെ ഈ വാദങ്ങളെ ദുർബലപ്പെടുത്താനാകണം ദിലീപ് തന്റെ വെബ്ബ്സൈറ്റ് പൂട്ടിയത് എന്നാണ് നിയമവിദഗ്ദർ നൽകുന്ന വിശദീകണം.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 25 വരെ നീട്ടിയിരുന്നു. ആലുവ സബ് ജയിലിലാണ് ദിലീപ് ഇപ്പോൾ ഉള്ളത്. എന്നാൽ ജാമ്യം തേടി ദിലീപിന്റെ അഭിഭാഷകർ നാളെ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ