ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന് ആലുവ സബ് ജയിലിൽ സുഖവാസമാണെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തൽ. ജയിലിൽ ദിലീപീന് സർവ്വത്ര സ്വാതന്ത്ര്യമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പകൽമുഴുവൻ ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയിൽ കഴിയുന്ന ദിലീപിന് പ്രത്യേക ഭക്ഷണമാണ് നൽകുന്നതെന്നും സഹതടവുകാരനായിരുന്ന സനൂപ് വെളിപ്പെടുത്തുന്നു.

ആലുവ സ്വദേശിയായ സനൂപ് ഇക്കിഴഞ്ഞ ബുധനാഴ്ചയാണ് സബ് ജയിലിലെത്തിയത്. രണ്ട് ദിവസം സബ് ജയിലിൽ ദിലീപിന് തൊട്ടടുത്തുളള സെല്ലിൽ ഉണ്ടായിരുന്നു. പകലൊന്നും ദിലീപ് സെല്ലിലില്ലെന്നാണ് സനൂപ് പറയുന്നത്. ജയിലധികൃതരുടെ മുറിയിലായിരിക്കും എപ്പോഴും. തടവുകാര്‍ക്കുള്ള ഭക്ഷണമല്ല ദിലീപിന്. ജയിൽ ജീവനക്കാർക്കുളള പ്രത്യേക ഭക്ഷണം ജീവനക്കാരുടെ മുറിയിൽ എത്തിച്ച് വിളമ്പുകയാണ്. രാത്രിയിൽ മാത്രമാണ് ദിലീപ് സെല്ലിനുളളിൽ കിടക്കാൻ എത്തുന്നതെന്നും സനൂപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹതടവുകാർക്കെല്ലാം ഇക്കാര്യം അറിയാമെന്നും മർദ്ദനം ഭയന്നാണ് ആരും പുറത്ത് പറയാത്തത് എന്നും സനൂപ് പറയുന്നു.

ദിലീപിന് ജയിലിൽ യാതൊരു സൗകര്യവും നൽകുന്നില്ലെന്ന എ‍ഡിജിപി ശ്രീലേഖയുടെ നിലപാടിനിടെയാണ് സഹതടവുകാരന്‍റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത് . ജയിലിലെ സിസിടിവി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സനൂപ് ആവർത്തിക്കുന്നു.

അതേസമയം ഈ വാർത്തകളെ നിഷേധിച്ച് ജയിൽ ഡിജിപി ആർ.​ശ്രീലഖേ രംഗത്ത് വന്നു. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ദിലീപിന് പ്രത്യേക പരിഗണന ജയിലിൽ നൽകിയിട്ടില്ലെന്നും ആർ.​ശ്രീലേഖ പറഞ്ഞു. ഏത് ഏജൻസിക്ക് വേണമെങ്കിലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താമെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ദിലീപിന്റെ ആരോഗ്യസ്ഥിഥി മോശമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ട്. അമിതമായ സമ്മർദ്ദം കാരണം ദിലിപ് അവശാനാണെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ