കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍. സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ ദിലീപിനെ അതീവ രഹസ്യമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത നടനെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. ഇന്ന് തന്നെ നടനെ കോടതിയില്‍ ഹാജരാക്കും.

മുഖ്യപ്രതിയായ പള്‍സര്‍ സുനി നല്‍കിയ മൊഴി പ്രകാരമാണ് ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതെന്നാണ് വിവരം. നടിയെ ആക്രമിക്കാന്‍ രണ്ട് തവണ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ എംജി റോഡിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിക്കാന്‍ ആദ്യമായി പദ്ധതിയിട്ടത്. തുടര്‍ന്ന് പൊലീസ് ഫോണ്‍ ലൊക്കേഷന്‍ അടക്കമുളള വിവരങ്ങള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദവും പൊലീസ് പൊളിച്ചു.

നടിയോടുളള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് നടന്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ താനല്ല ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന വാദത്തില്‍ ദിലീപ് ഉറച്ചുനിന്നു.

കഴിഞ്ഞ ദിവസം സുനിയെ ചോദ്യം ചെയ്യലിനായി രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കി അതിരാവിലെ തന്നെയായിരുന്നു പോലീസിന്റെ നീക്കം. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിന്റെ അന്വേഷണത്തിനെന്ന പേരിലാണു പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.

വെൽക്കം ടു സെൻട്രൽ ജയിൽ: ദിലീപ്, ജനപ്രിയ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക്, അവസാനം വില്ലനായ് ജയിലിലേക്കും

ഈ ഫോണിലൂടെ നടനും സംവിധായകനുമായ നാദിര്‍ഷയേയും നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പൂണ്ണിയേയും പള്‍സര്‍ സുനി വിളിച്ചു സംസാരിച്ചിരുന്നു എന്നും അന്വേഷണത്തില്‍ തെളിഞ്ഞു. നേരത്തെ ചോദ്യം ചെയ്യലില്‍ സുനി ദിലീപിനെതിരെ മൊഴി നല്‍കിയെങ്കിലും പിന്നീട് കൂടുതലൊന്നും വെളിപ്പെടുത്തന്‍ തയാറായില്ല. കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഗൂഡാലോചന പുറത്ത് കൊണ്ടു വരാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സുനിയെ ചോദ്യം ചെയ്യുന്നത് രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. പിന്നാലെ സുനിയില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ദിലീപിന്റെ അറസ്റ്റ് സ്ഥിരീകരിക്കുകയും ചെയ്തു.

പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതി കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി നടത്തിയ നീക്കം മാത്രമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മലയാള സിനിമാരംഗത്ത് അടുത്ത കാലത്തു രൂപപ്പെട്ട ചേരിതിരിവുകളും കുടിപ്പകയുമാണ് നടിയെ ആക്രമിച്ച സംഭവത്തിനും അനുബന്ധ ആരോപണങ്ങൾക്കും വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നടിയെ ആക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്

കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ (പൾസർ സുനി) സഹ തടവുകാരൻ ജിൻസനോട് വെളിപ്പെടുത്തിയ വിവരങ്ങളും കേസിന്റെ തുടരന്വേഷണത്തിനു സഹായകമായി. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദേശപ്രകാരമാണെന്നും ജയിലിൽ ഒപ്പം കഴിഞ്ഞ ജിൻസനോടും പ്രതി സുനിൽ കുമാർ വെളിപ്പെടുത്തിയിരുന്നു.

ജൂണ്‍ 28ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍വെച്ച് പൊലീസ് 13 മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. വ്യക്തമായ തെളിവുകള്‍ അന്ന് പൊലീസിന്റെ പക്കല്‍ ഉണ്ടായിരുന്നെങ്കിലും ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാതിരുന്നത്. എ​ഡി​ജി​പി ബി. ​സ​ന്ധ്യ, ആ​ലു​വ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ർ സി​ഐ ബി​ജു പൗ​ലോ​സാ​ണു മൊ​ഴി​യെ​ടു​ത്ത​ത്.

ദി​ലീ​പ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ കു​ടും​ബം പ്രതികരിച്ചത്. നടനും സംവിധായകനുമായ നാദിര്‍ഷായും പൊലീസ് കസ്റ്റഡിയിലുണ്ട്. നാദിര്‍ഷായേയും പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ആലുവ പൊലീസ് ക്ലബ്ബിന് പുറത്ത് ജനങ്ങളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊലീസിന് അഭിവാദ്യങ്ങളുമായെത്തി. ദിലീപിനെ ഇപ്പോഴും ആലുവ പൊലീസ് ക്ലബ്ബില്‍ പൊലീസ് കസ്റ്റഡിയില്‍ തന്നെ വെച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ