കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടത്താമെന്ന് എറണാകുളം സിബിഐ വിചാരണ കോടതി ഉത്തരവ്. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് കോടതി തീരുമാനം. ദിലീപ് ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അതിൽ തടസമില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ ഏതൊക്കെ രേഖകളാണ് കൈമാറാൻ കഴിയാത്തതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരായില്ല. കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഇന്നലെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ഹർജി തീർപ്പാക്കുന്നതു വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നാണിത്.
Read: നടിയെ ആക്രമിച്ച കേസ്; മറുപടി നല്കാന് സമയം വേണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍
ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്.