കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം നിലച്ചു. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും ഇതുവരെ കണ്ടെത്താനായില്ല. അതിനാൽ ഫോണ്‍ നശിപ്പിച്ചുവെന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കം. ഇക്കാര്യം കോടതിയെ അറിയിക്കും.

കേസിലെ എട്ടാം പ്രതിയായ ദിലീപ് നിർണായക തെളിവായ നടിയുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ദിലീപ് നൽകിയ ഹർജി അങ്കമാലി കോടതി തള്ളിയിരുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളിൽ പൊലീസ് കൃത്രിമം കാട്ടിയെന്നാണ് ദിലീപ് ഉന്നയിക്കുന്ന ആരോപണം. ദൃശ്യങ്ങളിലുള്ള സ്ത്രീ ശബ്ദം പൊലീസ് മായ്ച്ചു കളഞ്ഞുവെന്നും അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ദിലീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നടിയും പ്രത്യോക ആവസ്യവുമായി കോടതിയെ സമീപിക്കുന്നുണ്ട്. വിചാരണ തുടങ്ങാനിരിക്കെ ഇതിനായി വനിതാ ജഡ്ജിയെ നിയമിക്കണമെന്നാണ് ഇരയുടെ ആവശ്യം.

നിലവിൽ കേസ് അന്വേഷണത്തിന് പ്രത്യേക സംഘമില്ല. എല്ലാ ഉദ്യോഗസ്ഥർക്കും പുതിയ ചുമതലകൾ നൽകിയതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ