കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് സർക്കാർ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജിക്കെതിരായ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്.

വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന നടന്റെ ആവശ്യം വിചാരണ വൈകിപ്പിക്കാൻ ലക്ഷ്യമിട്ടാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഏത് ഏജൻസി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ല. രേഖകൾ കിട്ടിയിട്ടില്ലെന്നു പറഞ്ഞു ഹർജികൾ സമർപ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്. ഇതിനോടകം പല ആവശ്യങ്ങളുമായി 11 ഹർജികളാണ് ദിലീപ് വിവിധ കോടതികളിലായി സമർപ്പിച്ചിട്ടുള്ളത്.

ആക്രമണത്തിനിരയായ നടിയെ ബുദ്ധിമുട്ടിക്കാനുള്ള ദിലീപിന്റെ ശ്രമമാണ് ഇതെല്ലാം എന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിനിരയായ നടിക്കും മുൻ ഭാര്യ മഞ്ജു വാര്യർക്കുമെതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നും സർക്കാർ നിലപാടെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.