കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പണവും സ്വാധീനവും ഉണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെടാതിരുന്നത് നടിയുടെ കണ്ണുനീര്‍ കണ്ടതു കൊണ്ടാവാമെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇന്നാവാം അവൾ ഒന്ന് ഉറങ്ങിയതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

“ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനം, വേദന, അതിന് പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി രണ്ട് ദിവസം മുമ്പ് തന്നോട് പറഞ്ഞ കാര്യങ്ങളും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി, “ഞാനിങ്ങനെ ഇപ്പോഴും ഓടി നടന്ന് അഭിനയിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമില്ലെന്ന് പലരും കരുതുന്നുണ്ടാവാം, ഞാൻ കരയുന്നുണ്ട്, പ്രാർത്ഥിക്കുന്നുണ്ട്, എന്റെ ഉള്ളിലെ തീ അണയാതെ മരണംവരെ ഞാനിതിന് വേണ്ടി പോരാടും, എന്നെ കുറ്റപ്പെടുത്തുന്നവരേയും, എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നതും പ്രാത്ഥിക്കുന്നതും എല്ലാം ഞാൻ കാണുന്നുണ്ട് ചേച്ചി” എന്ന്, ഭാഘ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

പണവും സ്വാധീനവുമെല്ലാം ഉണ്ടായിട്ടും അവർ രക്ഷപെടാതിരുന്നതിന് കാരണം നടിയുടെ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

“ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി നീയാണ്, അതോർത്ത് ഇനി നീ സമാധാനമായി ഒന്നുറങ്ങൂ. ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം. ഈ കേസ് ഇത്ര വേഗത്തിൽ നടപടിയിലേക്ക് എത്തിയതിന് കാരണം മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാണ്, അതിന് അവർ കേട്ട പഴി ചെറുതല്ല, ടാം റേറ്റിംഗ് കൂട്ടാൻ എന്ത് വൃത്തികേടും കാണിക്കും എന്ന് പോലും വിമർശനം കേട്ടു. ഏഷ്യാനെറ്റ് വിനുവും മാതൃഭൂമി വേണുവും കേൾക്കാത്ത അസഭ്യമില്ല, വ്യക്തി വിരോധമാണെന്നും പറഞ്ഞു പലരും. എന്നിട്ടും അവർ പിന്മാറാതെ നിന്നു.”, ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

“പൊതുജനം പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ച്കൊണ്ടേയിരുന്നു. സിനിമാലോകമോ? എല്ലാം കണ്ടും കേട്ടും മൗനമായിരുന്നു. എനിക്കെന്തെങ്കിലും നഷ്ടമാകുമോ എന്ന ഭയമായിരുന്നു ആ മൗനത്തിന് കാരണം. തെളിവിന്റെ പേരിൽ കോടതിയിൽ ഇനി ഇതെന്താവും എന്നതാണ് അടുത്ത വിഷയം. അത് നമുക്ക് കാത്തിരുന്ന് കാണാം. സിനിമാലോകത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന മാഫിയകളെ അകറ്റാൻ, ശുദ്ധികലശം നടത്താൻ ഈ കേസ് ഒരു നിമിത്തമാകട്ടേ എന്ന് ആഗ്രഹിക്കുന്നതായും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

ആക്രമിക്കപ്പെടുന്നതിന് മുമ്പ് അമ്മയില്‍ നടി നടനെതിരെ പരാതി നല്‍കിയിരുന്നു. മലയാള സിനിമയിൽ നിന്ന്‌ പുകച്ചു ചാടിക്കാൻ ‘ശ്രമം നടക്കുന്നു എന്നായിരുന്നു പരാതി. എന്നാല്‍ ഇതിന് .യാതൊരു വിധ നടപടിയും സ്വീകരിക്കാന്‍​സംഘടന തയ്യാറായില്ല.

നടി 2015 ഡിസംബറിൽ പറഞ്ഞത്‌ : “നിങ്ങൾ കേട്ടത്‌ വെറും ഗോസിപ്പല്ല. സത്യമാണത്‌. ഒരിയ്ക്കൽ ഒരു കൂട്ടുകാരി എന്റെയടുത്തെത്തി സഹായം അഭ്യർഥിച്ചു. കുടുംബ പ്രശ്നങ്ങളാൽ അവർ ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്‌. ഒരു സ്ത്രീ എന്ന നിലയിൽ ഇത്തരം അവസ്ഥകളിലൂടെ ഭാവിയിൽ എനിയ്ക്കും കടന്നുപോകേണ്ടതുണ്ടെന്ന ബോധ്യം എനിയ്ക്കുണ്ടായിരുന്നു. അതിനാൽ ഞാൻ അവരെ സഹായിക്കാമെന്നേറ്റു. പ്രതിസന്ധികളിൽ അവരോടൊപ്പം നിന്നു. ഈ തീരുമാനംകൊണ്ട്‌ എന്റെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടായി.

പക്ഷേ എന്റെ മനഃസാക്ഷി പറഞ്ഞതനുസരിച്ചാണ്‌ അന്ന്‌ തീരുമാനമെടുത്തതെന്ന്‌ ഞാൻ വിശ്വസിക്കുന്നു. പിന്നീടങ്ങോട്ട്‌ മലയാളത്തിലെ പല പ്രോജക്ടുകളും നഷ്ടപ്പെടുന്നതായി മനസിലായി. പക്ഷേ എന്നെ ഒഴിവാക്കിയ പല പ്രോജക്ടുകളും ബോക്സ്‌ ഓഫീസിൽ വൻ പരാജയങ്ങളായിരുന്നു. പിന്നീട്‌ ആലോചിക്കുമ്പോൾ ആ ഒഴിവാക്കലുകൾ ഒരു അനുഗ്രഹമായിരുന്നെന്ന്‌ തോന്നിയിട്ടുണ്ട്‌. കാരണം പല മോശം ചിത്രങ്ങളുടെയും ഭാഗമാകാതെ കഴിഞ്ഞല്ലോ എന്നും അന്ന് നടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ