കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കാത്ത പശ്ചാത്തലത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ചലച്ചിത്ര സംഘടനകള്‍ അടിയന്തര യോഗം ചേര്‍ന്നേക്കുമെന്ന് സൂചന. സംഘടനകളായ എഎംഎംഎ, ഫെഫ്ക, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവച്ചതായാണ് സൂചന​. പ്രസിഡന്റ്​ മോഹന്‍ലാലിനെ രാജിക്കാര്യം അറിയിച്ചെന്നാണ് വിവരം. സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന് രാജിക്കാര്യം ചര്‍ച്ച ചെയ്യും.

കുറ്റാരോപിതൻ സംഘടനയിൽ തുടരുന്നതിനെ രൂക്ഷമായി വിമർശിച്ച്​ വിമണ്‍ ഇൻ സിനിമാ കളക്​ടീവ്​ അംഗങ്ങളായ നടിമാർ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയതിന്​ പിന്നാലെയാണ്​ ദിലീപി​​ന്റെ രാജി വാർത്ത പുറത്തുവരുന്നത്​.

അതിനിടെ, ഷൂട്ടിങ്​ ലൊക്കേഷനില്‍ പ്രൊഡക്​ഷൻ കൺ​ട്രോളർ മോശമായി പെരുമാറിയിട്ടും നടപടി ഉണ്ടായില്ലെന്ന്​ ആരോപണം ഉന്നയിച്ച അർച്ചന പത്​മിനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു ഫെഫ്​ക ജനറൽ സെക്രട്ടറി സംവിധായകൻ ബി. ഉണ്ണികൃഷ്​ണൻ അറിയിച്ചു. ഡബ്ല്യുസിസിയുടെ വാർത്താ സമ്മേളനത്തിനിടെയാണ്​ അർച്ചന പത്​മിനി ദുരനുഭവത്തെക്കുറിച്ച്​ പറഞ്ഞത്​. ഫെഫ്​കയ്ക്ക്​ പരാതി നൽകിയപ്പോൾ നടപടി സ്വീകരിക്കുമെന്ന്​ ഉറപ്പു നൽകിയെങ്കിലും ഇയാൾ തുടർന്നും സജീവമായി ജോലി തുടർന്നെന്നും ഇവർ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.