ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെതിരെ ഇപ്പോൾ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ പ്രതിഭാഗവുമായി ധാരണയായതായെന്നും, ഇക്കാര്യം ബുധനാഴ്ച വിചാരണ കോടതിയെ അറിയിച്ചു കേസ് മാറ്റിവെക്കണമെന്നു ആവശ്യപ്പെടുമെന്നും സർക്കാർ പറഞ്ഞു.

കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കേസ് ബുധനാഴ്ച വിചാരണ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഈ അപേക്ഷ അടിയന്തരമായി കേള്‍ക്കണം എന്ന് ദിലീപിന്റെ അഭിഭാഷകര്‍‌ തിങ്കളാഴ്ച സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.

സുപ്രീം കോടതിയിലെ കേസിൽ തീരുമാനം ഉണ്ടാകുന്നതുവരെ കുറ്റം ചുമത്തില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന സര്‍ക്കാര്‍ വാക്കാൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ കോടതിയിൽ കുറ്റം ചുമത്തുന്ന നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും സുപ്രീം കോടതിയിലെത്തിയത്.

Read: നടിയെ ആക്രമിച്ച കേസ്; മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍

ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കും വരെ കുറ്റം ചുമത്തരുതെന്നാണ് വാദം. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്‍റെ വാദം. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്‍റെ ഹർജിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.