ഡിഐജിക്കൊപ്പം കാറിൽ യാത്ര ചെയ്തതിന്റെ പേരിൽ തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നടി അർച്ചന സുശീലൻ. തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും അതിൽ യാതൊരുവിധ കഴമ്പുമില്ലെന്നും അർച്ചന ഫെയ്സ്ബുക്ക് വിഡിയോയിലൂടെ അറിയിച്ചു.

”എന്റെ ഒരു സുഹൃത്താണ് ചാനലിൽ ഇത്തരത്തിലുളള വാർത്ത പോകുന്നതായി വിളിച്ചുപറഞ്ഞത്. എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല. എന്റെ കുടുംബത്തിനൊപ്പമാണ് ഞാനുളളത്. എന്റെ അച്ഛൻ റിട്ട.പൊലീസ് കമാൻഡ് ആണ്. അദ്ദേഹത്തിന്റെ സുഹൃത്താണ് ഡിഐജി. ഞാനും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം വന്നിരുന്നു. വ്യക്തിപരമായി അറിയാവുന്നതുകൊണ്ട് അദ്ദേഹം ഞങ്ങളെ ചടങ്ങിൽ കൊണ്ടുവിടാമെന്നു പറഞ്ഞു. എന്നാൽ ചിലർ ഇത് വിവാദമാക്കി”.

”വ്യാജവാർത്തകൾ പ്രചരിക്കുമ്പോൾ മിണ്ടാതിരിക്കുന്നത് ശരിയല്ല. അതിനാലാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വന്നത്. ഷൂട്ടിങ് തിരക്കുകൾ കാരണം ഇതുവരെ ആർക്കെതിരെയും പരാതി നൽകാൻ കഴിഞ്ഞിട്ടില്ലെന്നും” അർച്ചന പറയുന്നു. ചടങ്ങിൽ കുടുംബവും തന്നോട് പങ്കെടുത്തതിന്റെ തെളിവായി അർച്ചന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ഔദ്യോഗിക വാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര ചെയ്തതിനെത്തുടർന്ന് ജയിൽ ഡിഐജി ബി.പ്രദീപിനെതിരെ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. ജയിൽ മേധാവി ആർ.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ജയിൽദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നടിക്കൊപ്പം ഡിഐജി ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തെന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ