കൊച്ചി:മെട്രോ പാലത്തിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണ് കാർ തകർന്നു. നടി അർച്ചന കവി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് അർച്ചന കവി രക്ഷപ്പെട്ടത്. കോൺക്രീറ്റ് പാളിയുടെ വീഴ്ചയിൽ കാറിന്റെ മുൻഭാഗം തകർന്നു. അർച്ചന തന്നെയാണ് ഈ വിവരം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. അപകടത്തിൽ മുൻഭാഗം തകർന്ന കാറിന്റെ ചിത്രങ്ങളും അർച്ചന പങ്കുവച്ചിട്ടുണ്ട്. അർച്ചന നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

അപകടവിവരം സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിട്ടുണ്ട് അർച്ചന. സംഭവത്തിൽ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നൽകണമെന്നും അർച്ചന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പോലുള്ള സംഭവങ്ങള്‍ ഇനിയാവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും അർച്ചന പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ലാൽജോസ് ചിത്രം നീലത്താമരയിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച അർച്ചന കവി വിവാഹശേഷം അഭിനയത്തിൽ സജീവമല്ല. സ്റ്റാൻഡ് അപ്പ് കൊമേഡിയനായ അബീഷ് മാത്യുവാണ് അർച്ചനയുടെ ഭർത്താവ്.

Read more: പാലാരിവട്ടം ബൈപ്പാസ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട്; കേസെടുക്കാന്‍ ശുപാര്‍ശ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.