കൊച്ചി: പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമലാ പോള്‍. ഒരു കോടി രൂപ വിലവരുന്ന ആഢംബരകാറിന്‍റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനാണ് നടിയുടെ മറുപടി.

സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിക്കുന്ന ആളാണ് താൻ. കേരളത്തിൽ വാഹന നികുതി അടക്കാൻ അതിനാൽ ഉദ്ദേശിക്കുന്നില്ലെന്നും അമല മോട്ടോർ വാഹന വകുപ്പിനെ അഭിഭാഷകൻ അറിയിച്ചു. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് അമലപോൾ മോട്ടോർവാഹന വകുപ്പിന് മറുപടി നൽകുന്നത്.

ഓഗസ്റ്റിൽ അമല പോൾ ചെന്നൈയിൽ നിന്ന് വാങ്ങിയ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ പോണ്ടിച്ചേരിയിൽ റജിസ്‌റ്റർ ചെയ്തു. കേരളത്തിൽ കാർ റജിസ്‌റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. പോണ്ടിച്ചേരിയിൽ നികുതി കുറവായതിനാൽ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തിൽ നൽകേണ്ടി വന്നത്. പിന്നീട് കാർ കേരളത്തിൽ ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം ഉയർന്നത്.

പോണ്ടിച്ചേരിയിൽ വാഹനം റജിസ്‌റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അമല ഇതും ലംഘിച്ചുവെന്നാണ് വാർത്ത. അമലയ്ക്ക് നേരിട്ട് അറിയാത്ത എൻജിനീയറിങ് വിദ്യാർഥിയുടെ മേൽവിലാസത്തിൽ പോണ്ടിച്ചേരിയിൽ കാറിന്റെ റജിസ്ട്രേഷൻ നടത്തിയെന്നാണ് ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.