കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്കെതിരായ നിർണ്ണായക തെളിവ് പൊലീസ് സംഘത്തിന് ലഭിച്ചതായി സൂചന. മുഖ്യപ്രതി പൾസർ സുനി കോയന്പത്തൂരിലേക്ക് ഒളിവിൽ പോകുന്നതിന് മുൻപ് അഭിഭാഷകനെ ഏൽപ്പിച്ച ബാഗിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.

അഭിഭാഷകനെ ഏൽപ്പിച്ച മെമ്മറി കാർഡിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടതായി ആദ്യം സംശയമുയർന്നിരുന്നു. എന്നാൽ ഈ വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം അന്വേഷണത്തിന്റെ ആദ്യ ദിവസങ്ങളിൽ പൊലീസ് നടത്തിയിരുന്നില്ല. ചോദ്യം ചെയ്യലിൽ പൾസർ സുനി ഈ ദൃശ്യങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്ന സംശയത്തെ തുടർന്നാണ് അഭിഭാഷകൻ അന്വേഷണ സംഘത്തിന് കൈമാറിയ ബാഗിലെ സാധനങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്.

കേരള പൊലീസിന്റെ തിരുവനന്തപുരത്തെ സൈബർ പൊലീസ് വിംഗാണ് ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഇന്നലെയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയത്. പക്ഷെ ഔദ്യോഗികമായി ഇക്കാര്യം സമ്മതിക്കാൻ പൊലീസ് സേനയിൽ ആരും തയ്യാറായില്ല.

ഒരു ഘട്ടത്തിൽ അന്വേഷണം വഴിമുട്ടിയെന്ന പ്രതീതി തന്നെ ഈ വിഷയത്തിൽ പൊലീസ് സേനയിൽ ഉണ്ടായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ സുനി, വെണ്ണലയ്ക്കടുത്ത് ഓടയിൽ ഉപേക്ഷിച്ചെന്നും, പിന്നീട് കൊച്ചി കായലിൽ ഉപേക്ഷിച്ചെന്നും ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. എന്നാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കാതെ വന്നതോടെ കടുത്ത സമ്മർദ്ദത്തിന് അന്വേഷണ സംഘം വഴിപ്പെട്ടിരുന്നു.

പുതിയ വഴിത്തിരിവ് ഉണ്ടായതോടെ കേസ് വേഗത്തിൽ അന്വേഷണം പൂർത്തീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം  കേസിന് പിന്നിൽ വൻശക്തികളാരുമില്ലെന്ന നിരീക്ഷണം ഇപ്പോൾ അന്വേഷണ സംഘം നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ഇതുവരെയും നടത്തിയിട്ടില്ല. നടിയിൽ നിന്ന് പണം തട്ടാൻ പൾസർ സുനി നടത്തിയ ആസൂത്രിത നീക്കമായിരുന്നു സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ, കേസിലെ പ്രതി മണികണ്ഠനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യത ഉൾപ്പടെ അന്വേഷണ സംഘം തേടിയിരുന്നു. എന്നാൽ ദൃശ്യങ്ങൾ ലഭിച്ച സാഹചര്യത്തിൽ ഇയാൾ മാപ്പുസാക്ഷിയായേക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.