കൊച്ചി: കൃത്യമായി ആസൂത്രണം ചെയ്താണ് പൾസർ സുനിയെ അഭിഭാഷകൻ കോടതിയിലെത്തിച്ചത്. എന്നാൽ സമയക്രമത്തിൽ വന്ന നേരിയ പാളിച്ച പ്രതികളെ പൊലീസിന്റെ കൈകളിൽ എത്തിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ  ജില്ലാ കോടതി സമുച്ചയത്തിനകത്ത് നടന്നത് അസ്വാഭാവിക സംഭവങ്ങളാണ്.

ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞ സമയത്താണ് അഭിഭാഷകൻ പ്രതീഷ് ഇരുവരെയും കോടതിയിലെത്തിച്ചത്.  കോടതിയുടെ പുറകുവശത്തായി എറണാകുളത്തപ്പൻ ക്ഷേത്രത്തിലേക്ക് പോകാനുള്ള വഴിയിൽ നിന്നുമാണ് ഇവർ മതിൽ ചാടിക്കടന്ന് കോടതി വളപ്പിൽ പ്രവേശിച്ചത്. കോടതിയുടെ ചുറ്റുമതിലിൽ കന്പിവേലി ഇല്ലാത്ത ഇടമായിരുന്നു ഇത്. ഈ സമയത്ത് സുനിയുടെ വേഷം വെള്ള ഷർട്ടും നീല പാന്റും. അഭിഭാഷകരുടെ കൂട്ടത്തിനിടയിൽനിന്നും പൊലീസിനു സുനിയെ തിരിച്ചറിയാൻ സാധിക്കില്ല എന്ന നിഗമനത്തിലാണ് വെള്ള വസ്ത്രം ധരിച്ചെത്തിയത്. പ്രതികളെ അഭിഭാഷകൻ കോടതിയിലെത്തിച്ചപ്പോൾ സ്ഥലത്ത് 50 നും 100 നും ഇടയിൽ അഭിഭാഷകർ ഉണ്ടായിരുന്നു. ഇവരുടെ ഇടയിൽനിന്നും സുനിയെ എളുപ്പത്തിൽ പൊലീസിനു തിരിച്ചറിയാനാകില്ലെന്ന അഭിഭാഷകന്റെ കണക്കു കൂട്ടൽ കൃത്യമായി.

ജില്ലാ കോടതി സമുച്ചയത്തിലേക്ക് കയറാനുള്ള പടികൾ മുഴുവനും  ധൃതിപ്പെട്ട് കയറിയപ്പോഴും പൊലീസ് ഗേറ്റിനു സമീപം കാവൽ നിൽക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജി, സർക്കിൾ ഇൻസ്പെക്ടർ എ.അനന്തലാൽ എന്നിവരും മറ്റ് നാല് പൊലീസുകാരുമാണ് സ്ഥലത്തുണ്ടായിരുന്നത്. തിരക്കിനിടയിൽ പ്രതികളെ തിരിച്ചറിയാൻ പൊലീസിന് സാധിക്കാതിരുന്നതാണ് വീഴ്ചയായത്. ഇതിനിടയിൽ സുനി കീഴടങ്ങിയ കാര്യം തീ പടരുന്നതിലും വേഗത്തിൽ കോടതിയിലാകെ അറിഞ്ഞു. ഗേറ്റിന് സമീപത്ത് നിന്നും അപമാന ഭാരത്തോടെ പടികൾ ചാടിക്കയറിയ പൊലീസുദ്യോഗസ്ഥർ, കോടതി മുറിക്കകത്ത് പ്രതിക്കൂട്ടിൽ കയറി നിന്ന് പ്രതിയെ ബലമായി പിടിച്ചു വലിച്ച് പുറത്തെത്തിച്ചു.

കോടതി സമുച്ചയത്തിലേക്ക് പടികൾ കയറിപ്പോകുന്ന ഇടത്ത് ഇതിനോടകം പൊലീസ് വാഹനം എത്തിയിരുന്നു. പിടിച്ച് വലിച്ച് താഴേക്ക് കൊണ്ടുവരുന്നതിനിടെ സുനിയുടെയും വിജീഷിന്റെയും ഷർട്ട് കീറിപ്പോയിരുന്നു.  ഇരുവർക്കും പൊലീസിൽ നിന്ന് മർദ്ദനമേറ്റതായും വിവരമുണ്ട്.  ഇരുവരെയും ബലമായി പിടിച്ച് ജീപ്പിനകത്തേക്ക് കയറ്റിയ പൊലീസ് വാഹനം പിന്നീട് കണ്ണടച്ച് തുറക്കും മുൻപ് കോടതി പരിസരത്തിന് പുറത്തെത്തി. ആദ്യം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക നിർദ്ദേശ പ്രകാരം ഉടൻ തന്നെ ആലുവ പൊലീസ് ക്ലബിലെത്തിച്ചു. വെറും പതിനഞ്ച് മിനിറ്റിൽ താഴെയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ആലുവ പൊലീസ് ക്ലബിലെത്താൻ പൊലീസ് വാഹനത്തിനു വേണ്ടിവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ