കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വൻ വിവാദത്തിന് തുടക്കമിട്ട് പൾസർ സുനിയുടെ കത്ത് പുറത്ത്. സുനി, ജയിലിൽ നിന്ന് ദിലീപിന് അയച്ചതെന്ന് കരുതപ്പെടുന്ന കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. രണ്ട് പേജിൽ വിശദമായി എഴുതിയ കത്തിൽ തന്റെ കൂടെയുള്ളവരെ രക്ഷിക്കണമെന്നും തനിക്ക് പൈസ ആവശ്യമാണെന്നുമാണ് പൾസർ സുനി സൂചിപ്പിച്ചിരിക്കുന്നത്.

“വളരെ ബുദ്ധിമുട്ടിയാണ് ഞാനീ കത്തെഴുതുന്നത്. കത്ത് കൊണ്ടുവരുന്നവന് കേസിനെ കുറിച്ച് ഒന്നും അറിയില്ല. കോടതിയിൽ കീഴടങ്ങും മുൻപ് കാക്കനാട്ടെ ഷോപ്പിൽ വന്നിരുന്നു. എല്ലാവരും ആലുവയിലാണെന്ന് പഞ്ഞു. ഏൽപ്പിച്ച ആളുടെ പേര് പറയാതിരിക്കുന്നതിന് എന്നെ എല്ലാവരും കുറ്റപ്പെടുത്തുന്നുണ്ട്” കത്തിൽ പറയുന്നു.


Read More: സുനിലിന്റെ സഹതടവുകാരൻ ബ്ലാക്മെയിൽ ചെയ്യുന്നതായി ദിലീപ്

“പേര് പറഞ്ഞാൽ നടി പോലും എന്നോട് മാപ്പ് പറയുമായിരുന്നു. കേസിൽ പെട്ടതോടെ എന്റെ ജീവിതം തന്നെ അവസാനിച്ച പോലെയാണ്. ഒരു വക്കീലിനെയെങ്കിലും ചേട്ടന് എന്റെയടുത്തേക്ക് വിടാമായിരുന്നില്ലേ? നാദിർഷയോട് ഞാൻ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. മറുപടി ഒന്നും വന്നില്ല. ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി”

Actress abduction, നടിയെ തട്ടിക്കൊണ്ടുപോയ കേസ്, നടി ആക്രമിക്കപ്പെട്ട കേസ്, pulsr Suni, പൾസർ സുനി, Actor Dileep, ദിലീപ്

“എന്നെ ശത്രുവായിട്ട് കാണുന്നോ മിത്രമായിട്ട് കാണുന്നോ എന്ന് എനിക്കറിയേണ്ട കാര്യമില്ല. എനിക്കിപ്പോൾ പൈസയാണ് ആവശ്യം. മൂന്ന് ദിവസം ഞാൻ കാക്കും, അതിനുള്ളിൽ തീരുമാനം അറിയണം. സൗണ്ട് തോമ മുതൽ ജോസേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിട്ടില്ല”

“നാദിർഷയെ വിശ്വസിക്കണോ വേണ്ടയോ എന്ന് പറയണം. ഒരാഴ്ച കഴിഞ്ഞാൽ ഇപ്പോഴത്തെ വക്കീലിനെ മാറ്റും. എനിക്ക് ചേട്ടൻ തരാമെന്ന് പറഞ്ഞ പൈസ ഫുൾ ആയിട്ട് ഇപ്പോൾ വേണ്ട. അഞ്ച് മാസം കൊണ്ട് തന്നാൽ മതി. ഞാൻ നേരിട്ട് നാദിർഷയെ വിളിക്കും. അതിഷ്ടമല്ലെങ്കിൽ എന്റടുത്തേക്ക് ആളെ വിടുക. അതുമല്ലെങ്കിൽ എന്റെ ജയിലിലെ നമ്പറിലേക്ക് 300 രൂപ മണി ഓർഡർ അയക്കുക.”

“എനിക്ക് ഇനി സമയം കളയാനില്ല. മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞ് വന്നാൽ വിശ്വസിക്കണ്ട. ഇതുവരെ ഞാൻ ചേട്ടനെ സേഫ് ആക്കിയിട്ടേയുള്ളൂ. എനിക്ക് അത്രയും ബുദ്ധിമുട്ടായത് കൊണ്ടാണ്.” എന്നിങ്ങനെയാണ് കത്ത് നീളുന്നത്.

ഈ കത്തിലെ കാര്യങ്ങൾ പക്ഷെ നടൻ ദിലീപ് നിഷേധിച്ചിട്ടുണ്ട്. തടവിൽ കഴിയുന്ന പൾസർ സുനിയുടെ സഹതടവുകാരായിരുന്നത് ചാലക്കുടി സ്വദേശി ജിൻസണും വിഷ്ണുവും ആണ്. വിഷ്ണുവിന്റെ പക്കലാണ് സുനിൽ കത്ത് കൈമാറിയത്.

ഇവർ ഇരുവരും മോഷണ സംബന്ധമായ കേസിലാണ് തടവിൽ കഴിഞ്ഞത്. വിഷ്ണുവിന് സുനിയുമായി നേരത്തേ ബന്ധമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. വിഷ്ണുവിന്റെ സുഹൃത്താണ് ജിൻസൺ. ഇങ്ങിനെയാണ് സുനിലും ജിൻസണും തമ്മിൽ അടുത്തതെന്നും പൊലീസിൽ നിന്ന് വിവരം ലഭിച്ചു. ഇതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ