കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായി പിന്നീട് ജയിലില്‍ നിന്നും പുറത്തിറങ്ങിയ നടന്‍ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ശ്രമം ദിലീപ് ഇടപെട്ട് തടഞ്ഞതായി അന്വേഷണസംഘം പറയുന്നു. 164 പ്രകാരം മൊഴി നല്‍കാന്‍ ചാര്‍ളി ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ നിലപാടില്‍നിന്ന് ചാര്‍ളി പിന്നോട്ടു പോവുകയായിരുന്നു. ഇതിനു പിന്നില്‍ ദിലീപാണെന്ന് പൊലീസ് ആരോപിക്കുന്നു.

നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പൊലീസ് ആരോപിക്കുന്നു. കേസിലെ സാക്ഷികളില്‍ ഒരാളായിരുന്ന ഈ ജീവനക്കാരന്‍ പിന്നീട് മൊഴിമാറ്റിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാകും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ചൊവ്വാഴ്ചയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ആകെ പതിനൊന്ന് പേരാണ് കുറ്റപത്രത്തിലുള്ളത്.

നേരത്തെ ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ കുറ്റപത്രം അഴിച്ചു പണിയേണ്ടി വരുമെന്നതിനാല്‍ എട്ടാം പ്രതിയാക്കുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്തിമമായ ചില വ്യക്തതകള്‍ തേടി അന്വേഷണസംഘം ദിലീപിനേയും സഹോദരന്‍ അനൂപിനേയും ചോദ്യം ചെയ്തിരുന്നു. ദിലീപ് സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷണസംഘത്തിന്റെ പരിഗണനയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ