കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതി പൾസർ സുനിക്കായി അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കി. കേസിൽ ഇനി പിടിയിലാകാനുള്ള രണ്ട് പേരും തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം. ഇതുവരെ പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്നായിരുന്നു പൊലീസ് കരുതിയത്.

സിനിമ മേഖലയിൽ സുനിലുമായി അടുത്ത ബന്ധമുള്ളവരുടെയും, ഇയാളുടെ ഗുണ്ടാബന്ധങ്ങളെയും ലക്ഷ്യമിട്ടാണ് പൊലീസിന്റെ പരിശോധന. എന്നാൽ പ്രതി മൊബൈൽ ഉപയോഗിക്കാത്തതിനാൽ അന്വേഷണ സംഘത്തിന് ഇയാളുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല.

“അവൻ മൊബൈൽ ഉപയോഗിക്കാത്തത് കൊണ്ട് ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നില്ല. പ്രതിയുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ മുന്നോട്ട് പോകുന്നത്.” ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഐ.ഇ മലയാളത്തോട് പറഞ്ഞു.

സുനിൽ കീഴടങ്ങിയാൽ അത് അന്വേഷണ സംഘത്തിന് നാണക്കേടാകുമെന്ന നിഗമനമാണ് പൊലീസിനുള്ളത്. ഇതിനാൽ എറണാകുളത്തെയും സമീപ ജില്ലകളിലെയും കോടതികളിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനിടെ  കേസിൽ ഇന്നലെ പിടിയിലായ മണികണ്ഠന്റെ മൊഴിയിൽ നിന്ന് ഇവർ സഞ്ചരിച്ച ടെംപോ ട്രാവലർ ഓടിച്ചത് സുനിലാണ് ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം സുനിലിന്റെ ഫോണിലേക്ക് വിളിച്ച ഒരാളെ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന്റെ കാക്കനാട്ടെ വസതിയിൽ നിന്ന് പൊലീസ് പിടികൂടി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ഇപ്പോഴുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ പിടിയിലായ മണികണ്ഠനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ