കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ദൃശ്യങ്ങൾ വീണ്ടെടുത്തിട്ടും പൊലീസിന് സംശയങ്ങൾ ബാക്കി. കേസൽ മുഖ്യ തെളിവായി കരുതപ്പെടുന്ന നടിയുടെ ദൃശ്യങ്ങൾ മുഖ്യപ്രതി പൾസർ സുനി തന്റെ അഭിഭാഷകന് നൽകിയ മെമ്മറി കാർഡിൽ നിന്ന് ഫോറൻസിക് പരിശോധനയിലൂടെ വീണ്ടെടുത്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ പകർത്തിയത് ഈ ഫോൺ ഉപയോഗിച്ച് തന്നെയാണോയെന്നാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ സംശയം. ശാസ്ത്രീയ പരിശോധനയിലൂടെ ഇക്കാര്യം തെളിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസിപ്പോൾ.

കേസിൽ നിർണ്ണായക തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ദൃശ്യം. എന്നാൽ അക്രമി സംഘം ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോണിലെ മെമ്മറി കാർഡ് ഇത് തന്നെയാണോയെന്നാണ് പൊലീസിന്റെ സംശയം. ഈ ഫോൺ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മെമ്മറി കാർഡ് ഈ ഫോണിൽ ഉണ്ടായിരുന്നതല്ലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അങ്ങിനെയെങ്കിൽ ദൃശ്യങ്ങളുടെ പകർപ്പുകൾ പല കാർഡുകളിലായി സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്.

കേസിൽ നിർണായക വഴിത്തിരിവാണ് ദൃശ്യങ്ങൾ വീണ്ടെടുത്തതോടെ സാധ്യമായത്. എന്നാൽ ഇവയുടെ പകർപ്പെടുത്തിട്ടുണ്ടെങ്കിൽ അത് ഭാവിയിൽ പ്രതികളോ, അവർക്ക് വേണ്ടി മറ്റാരെങ്കിലുമോ ഉപയോഗിക്കുമെന്ന സംശയത്തിലാണ് പൊലീസുള്ളത്.

കേസിൽ പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയേക്കും. ഇയാളിപ്പോൾ കേസിലെ അഞ്ചാം പ്രതിയാണ്. വിജീഷ് രണ്ടാം പ്രതിയും മാർട്ടിൻ മൂന്നാം പ്രതിയുമാകുമെന്നാണ് വിവരം. മണികണ്ഠനെ മാപ്പു സാക്ഷിയാക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് പൂർണ്ണമായി പിന്മാറിയിട്ടില്ല. കേസ് വലിച്ചിഴക്കാതെ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ