തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ താര സംഘടനയായ അമ്മയെടുത്ത നിലപാട് തള്ളി വി.എസ്.അച്യുതാനന്ദനും രംഗത്ത്. ദിലീപിനെ തള്ളിപ്പറയില്ലെന്ന് തറപ്പിച്ച് പറഞ്ഞ താര സംഘടനയുടെ നിലപാടിനെയാണ് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ വിഎസ് തള്ളിയത്.

“പൊലീസ് കേസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ല. വിഷയത്തിൽ അമ്മ സ്വീകരിച്ച നിലപാട് തെറ്റാണ്.” വിഎസ് കുറ്റപ്പെടുത്തി. ഇതേ വിഷയത്തിൽ സിപിഎം എം.എൽ.എ ആയ നടൻ മുകേഷിനെതിരെ കൊല്ലം സിപിഎം ജില്ല കമ്മിറ്റി രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകരോട് രൂക്ഷമായ ഭാഷയിൽ സംസാരിച്ചതിനും ദിലീപിനെ പരസ്യമായി പിന്തുണച്ചതിനും എതിരെയാണ് ജില്ല കമ്മിറ്റി എംഎൽഎ യോട് വിശദീകരണം തേടിയത്.

നേരത്തേ സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എന്നിവരും അമ്മയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. സിനിമയിൽ പുരുഷാധിപത്യം ശക്തമായി നിലനിൽക്കുന്നുവെന്നാണ് ഫെയ്സ്ബുക് പോസ്റ്റിൽ ബേബി കുറിച്ചത്.

വുമൺ ഇൻ കളക്ടീവ് സിനിമ എന്ന സംഘടനയെ പ്രശംസിച്ച് എവുതിയ കുറിപ്പിൽ, “കേരളസമൂഹത്തിൽ പുരുഷാധിപത്യം ഉള്ളത് സിനിമയിൽ മാത്രമല്ല. സമൂഹജീവിതത്തിൻറെ എല്ലാ രംഗങ്ങളിലുമുണ്ടത്- കുടുംബം, രാഷ്ട്രീയം, മതം, മാധ്യമം, മുതലാളിത്തം, തൊഴിൽ, സംഘടനകൾ, സാഹിത്യം, കല എന്നിങ്ങനെ എല്ലായിടത്തും. പുരുഷൻ തീരുമാനിക്കും സ്ത്രീ അനുസരിക്കും. പുരുഷൻറെ അധികാരത്തെ ചോദ്യം ചെയ്യുന്നവർ അതിൻറെ ഫലം അനുഭവിക്കും. എന്നാൽ ഈ സ്ഥിതി ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്.” എന്ന് എംഎ ബേബി കുറിച്ചു.

“‘അമ്മ ‘. ഒരു നല്ല സംഘടനയാണ്. എന്നാൽ “അമ്മക്ക് “അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു”, എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ പി.കെ.ശ്രീമതി ഫെയ്സ്ബുക്കിൽ കുറിച്ചത്. “ആക്രമിക്കപെട്ട നടിക്കും ആരോപണത്തിനു വിധേയനായ നടനും വേണ്ടി ഒരു പോലെ നിലക്കൊള്ളും എന്നാണു വ്യക്തമാക്കിയത്‌ . കഷ്ടം ! പുരുഷ മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ നിലപാട്‌ അല്ലേ അത്‌?” എന്നും ശ്രീമതി ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ