കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ കുറ്റപത്രം പുറത്ത്. മുൻവൈരാഗ്യം മൂലം ദിലീപ് ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കാവ്യയുമായി ദിലീപിനുണ്ടായിരുന്ന പ്രണയബന്ധം തെളിവ് സഹിതം നടി മഞ്ജു വാര്യറെ അറിയിച്ചതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇവരുടെ ഫോൺ സംഭാഷണത്തിന്റെ രേഖയാണ് നടി, ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർക്ക് നൽകിയത്.

ടെമ്പോ ട്രാവലറിൽ വച്ച് നടിയെ ആക്രമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്. കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പകർത്താനായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. ഇതിനായി ടെമ്പോ ട്രാവലറിന്റെ മധ്യഭാഗത്ത് സീറ്റുകൾ മാറ്റി പ്രത്യേക സജ്ജീകരണം ഉണ്ടാക്കിയിരുന്നു. ഡ്രൈവർ ക്യാബിനിൽ നിന്ന് ഇവിടേക്ക് കടക്കാൻ പ്രത്യേക വഴിയും ഉണ്ടാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഗോവയിൽ ഹണി ബീ ടു സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ആക്രമണത്തിന് ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ ഇത് നടന്നില്ല. എട്ട് കാരണങ്ങളാണ് ദിലീപിന് നടിയോടുള്ള വൈരാഗ്യത്തിന് പിന്നിലായി പൊലീസ് എണ്ണമിട്ട് നിരത്തിയത്.

നടിയെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയ ദിലീപ്, ഇവർക്ക് അവസരം നൽകിയവരോടും അനിഷ്ടം കാണിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായി പറയുന്നുണ്ട്. നടിയെ പീഡിപ്പിക്കുന്നന ദൃശ്യങ്ങൾ പകർത്തിയ ഫോൺ ആദ്യം അഡ്വ പ്രതീഷ് ചാക്കോയ്ക്കും ഇയാൾ അഡ്വ രാജു ജോസഫിനും കൈമാറി. കേസിൽ ആകെയുള്ള 14 പ്രതികളിൽ രണ്ട് പേരെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ