കൊച്ചി: നടിയെ ആക്രമിച്ചശേഷം രക്ഷപ്പെടുന്നതിനു മുൻപായി പൾസർ സുനി കൊച്ചിയിലെ ഒരാളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യം മനോരമ ന്യൂസ് പുറത്തുവിട്ടു. സുനി അന്പലപ്പുഴയിലേക്ക് പോകുന്നതിനു മുൻപായുള്ള ദൃശ്യങ്ങളാണിത്. കേസിലെ മറ്റു പ്രതികളായ മണികഠ്നെയും വിജേഷിനെയും മാറ്റി നിർത്തിയ ശേഷമായിരുന്നു സുനിയുടെ കൂടിക്കാഴ്ച. ആക്രമണം ആസൂത്രണം ചെയ്ത വ്യക്തിയുമായിട്ടാണോ സുനി കൂടിക്കാഴ്ച നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

രാത്രി 12.29 നുശേഷം കൊച്ചി നഗരത്തിലെ ഒരു റസിഡൻഷ്യൽ മേഖലയിൽ ഒരു പെട്ടി ഓട്ടോ എത്തുന്നു. ഇവിടെ ഒരു വീടിന്റെ മുന്നിലായി വണ്ടി നിർത്തുന്നു. വണ്ടിയിൽനിന്നും കയ്യിൽ ഊരിപ്പിടിച്ച ചെരുപ്പുമായി ഒരാൾ പുറത്തുവരികയും പിന്നീട് മതിൽ ചാടിക്കടന്ന് വീട്ടിലേക്ക് കയറിപ്പോവുകയും ചെയ്യുന്നു. അതിനുശേഷം വണ്ടി കുറച്ച് അകലെയായി മാറ്റി നിർത്തുന്നു. ഏകദേശം 20 മിനിറ്റുകൾ കഴിയുന്പോൾ വീട്ടിലേക്കു കയറിപ്പോയ ആൾ വീണ്ടും മതിൽ ചാടിക്കടക്കുകയും വണ്ടിയിൽ കയറി പോവുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾ സുനിയെന്നാണ് പൊലീസിന്റെ നിഗമനം.

സുനിയുടെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് പിടിയിലായ പ്രതി മണികണ്ഠനും മൊഴി നൽകിയിട്ടുണ്ട്. സുനി ആരെയാണ് കണ്ടതെന്ന് തന്നോടോ വിജേഷിനോടോ പറഞ്ഞില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അവിടെ താമസിക്കുന്നവരെ ചോദ്യം ചെയ്തുവെങ്കിലും കൂടുതൽ വിവരം ലഭിച്ചില്ല. നേരത്തെ നടിയെ ആക്രമിച്ചശേഷം പൾസർ സുനി, മണികണ്ഠൻ, വിജേഷ് എന്നിവർ പെട്ടി ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ