കൊച്ചി: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി. കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന തരത്തിൽ ബി.ജെ.പി. നേതാവ് പ്രസ്താവന നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് അദ്ദേഹം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “ആക്രമിക്കപ്പെട്ട നടിയും താനുമായി ഒരുപാട് കാലമായി ബന്ധമുണ്ട്. ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ആളുകളാണ്. ഇത്തരത്തിലൊരു സംഭവമുണ്ടാകുന്പോൾ സമൂഹം ഒറ്റക്കെട്ടായി ആ സ്ത്രീക്ക് ആവശ്യമായ പിന്തുണ നൽകുകയാണ് വേണ്ടത്. എന്നാൽ അതിനെ രാഷ്ട്രീയവത്കരിച്ച് വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിയത്.” അദ്ദേഹം പറഞ്ഞു.

“ആക്രമിക്കപ്പെട്ട നടിയുടെ മനോനില മനസ്സിലാക്കി വേണം ഓരോ പ്രസ്താവനയും നടത്താൻ. ഇത്തരം കാര്യങ്ങൾ അവർക്ക് മാനസികമായി കൂടുതൽ ആഘാതമേൽപ്പിക്കുന്നതാണ്. ഈ സമയത്ത് എന്തിനാണ് ഇവർ ഇത്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതെന്ന് ജനങ്ങൾ ചിന്തിക്കും. വളരെ മലീമസമായ നിലയിലാണ് ബി.ജെ.പി ഈ വിഷയത്തിൽ നിലപാടെടുക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തും.

കേസിൽ മുഖ്യപ്രതിയായി സംശയിക്കുന്ന പൾസർ സുനിയെ തനിക്ക് പരിചയമില്ല. ഈ സംഭവത്തിന് ശേഷം മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നാണ് ഇയാളെ കുറിച്ച് അറിഞ്ഞത്. എന്നാൽ താനുമായി ഇയാൾക്ക് ബന്ധം സ്ഥാപിക്കാൻ പലരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ