കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളുടെ വക്കാലത്ത് ആദ്യം സ്വീകരിച്ച ആലുവ കോടതിയിലെ അഭിഭാഷകൻ സാക്ഷിയായേക്കും. ഇത് സംബന്ധിച്ച് പൊലീസിൽ നിന്ന് സൂചന ലഭിച്ചതോടെ അഭിഭാഷകൻ പ്രതികളുടെ വക്കാലത്ത് എടുക്കുന്നതിൽ നിന്ന് പിന്മാറി. നടി സഞ്ചരിച്ച കാർ ഓടിച്ചിരുന്ന മാർട്ടിന്റെ വക്കാലത്ത് ഏറ്റെടുക്കണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം ഇദ്ദേഹം നിരാകരിച്ചു.

സംഭവം നടന്ന് തൊട്ടടുത്ത ദിവസം രാത്രിയിലാണ് ആലുവയിലെ ഇദ്ദേഹത്തിന്റെ വസതിയിൽ പ്രതികളെത്തിയത്. ഇവരിൽ വിജീഷിന്റെ പാസ്പോർട്ട്, ഫോൺ, മെമ്മറി കാർഡ് എന്നിവ ഇയാൾക്ക് കൈമാറിയിരുന്നു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന അഭിഭാഷകന്റെ ഭാര്യയെയും സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അഭിഭാഷകൻ സൂക്ഷിക്കുമെന്ന ധാരണയിൽ പ്രതികൾ ഏൽപ്പിച്ച സാധനങ്ങൾ പിന്നീട്, ഇദ്ദേഹം കോടതിയിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇത് അന്വേഷണ സംഘത്തിന് കൈമാറാൻ കോടതി നിർദ്ദേശിച്ചു. ഇതിലുൾപ്പെട്ട മെമ്മറി കാർഡിൽ നിന്നാണ് നടിയുടെ ദൃശ്യങ്ങൾ ഉള്ളതായി വിവരം ലഭിച്ചത്. പുതിയ സാഹചര്യത്തിൽ അഭിഭാഷകനും ഭാര്യയും സാക്ഷികളായാൽ കേസിന് ബലം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

നേരത്തേ റിമാന്റിലായിരുന്ന പൾസർ സുനി, വിജീഷ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷ കോടതി പരിഗണിച്ച് സമയത്ത്, പ്രതികളുടെ വക്കാലത്തുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ.ബി.എ ആളൂരിന്റെ അഭിഭാഷകരാണ് അങ്കമാലിയിലെ കോടതിയിൽ എത്തിയിരുന്നത്. ഇതേസമയം തന്നെ ആദ്യം വക്കാലത്ത് സ്വീകരിച്ച അഭിഭാഷകൻ പൗലോസും എത്തി. പിന്നീട് ഇരുവരും തമ്മിൽ വക്കാലത്തുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തു.

ആളൂരിനെയാണ് പൾസർ സുനി പിന്നീട് കേസ് നടത്തിപ്പിനായി വക്കാലത്ത് കൈമാറിയത്. സൂക്ഷിക്കാൻ നൽകിയ ബാഗ് അന്വേഷണ സംഘത്തിന് കൈമാറിയതിൽ പ്രതികൾക്ക് അഭിഭാഷകനോട് രോഷം ഉണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിനാലാണ് അഭിഭാഷകനിൽ നിന്ന് അന്വേഷണത്തിന് ബലം നൽകുന്ന വിവരങ്ങൾ ലഭിക്കുമെന്ന് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ