കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആറ് പ്രതികളെയും അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതികളുടെ മൊഴികളിൽ ഭിന്നതയുള്ളതിനാൽ ഇവരെ ആറ് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ഒരേ സമയം മൂന്ന് ഡി വൈ എസ് പി മാരുടെയും മൂന്ന് സി ഐ മാരുടെയും നേതൃത്വത്തിൽ ആറ് പേരെയും ചോദ്യം ചെയ്യും.

പ്രധാനമായും പൾസർ സുനിയുടെ മൊഴിയാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന് പിന്നിലെ മുഴുവൻ ആസൂത്രണവും താൻ മാത്രമാണ് ചെയ്തതെന്നാണ് സുനിയുടെ മൊഴി. ഇക്കാര്യം അന്വേഷണ സംഘം ഇതുവരെയും വിശ്വസിച്ചിട്ടില്ല.  നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനാകാത്തതാണ് പൊലീസിനെ കുഴക്കുന്ന പ്രധാന കാര്യം.

മൊബൈൽ പ്ലാസ്റ്റിക് കവറിലാക്കി വെണ്ണലയിൽ സെന്റ് മാർട്ടിൻസ് റോഡിന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ചെന്നാണ് പൊലീസിനോട് സുനി പറഞ്ഞത്.  ശനിയാഴ്ച രാവിലെ നടി പരാതിപ്പെട്ടെന്ന് സംശയം തോന്നി രക്ഷപ്പെടുന്പോഴാണ് മൊബൈൽ ഉപേക്ഷിച്ചതെന്നാണ് സുനിൽ പറഞ്ഞത്. എന്നാൽ ഇയാൾ പറഞ്ഞ സ്ഥലത്തൊന്നും ഫോൺ കണ്ടെത്താനായില്ല. രക്ഷപ്പെടുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന മണികണ്ഠനിൽ നിന്നും സുനിലിന്റെ മൊഴിയെ തകർക്കാനാവുന്ന വെളിപ്പെടുത്തൽ കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

നടിയുടെ ദൃശ്യങ്ങൾ ശനിയാഴ്ച പുലർച്ചെ തന്നെ സുനി മറ്റാർക്കോ കൈമാറിയെന്നാണ് സംശയം. ഈ ദൃശ്യങ്ങൾ വേഗത്തിൽ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. അതേസമയം പൾസർ സുനിയുടെ കാമുകിയെന്ന് പൊലീസ് സംശയിക്കുന്ന യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിക്കുമെന്ന് സൂചനയുണ്ട്. ഇവരിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗൂഢാലോചനയുടെ മുഖ്യ ആസൂത്രണം മറ്റാരോ  ആണെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്ന് രാവിലെ കോടതിയിൽ പ്രതികൾക്ക് വേണ്ടി അഡ്വ ആളൂർ ഹാജരാകുമെന്നാണ് വിവരം. സൗമ്യ കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതിനെ തുടർന്നാണ് ആളൂർ പ്രശസ്തനായത്. സംസ്ഥാനത്തെ മികച്ച ക്രിമിനൽ അഭിഭാഷകൻ എന്ന് തന്നെ അദ്ദേഹം പേരെടുത്തിട്ടുണ്ട്.  പൾസർ സുനിയെയും മറ്റ് അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നാവും പ്രതിഭാഗം വാദിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ