കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിന്റെ ഹർജിയിൽ ഇന്ന് വിധി പറയും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആവശ്യപ്പെട്ടുകൊണ്ടുളള ഹർജിയിലാണ് എറണാകുളം സെഷൻസ് കോടതി ഇന്ന് വിധി പറയുക.

നടി ആക്രമിക്കപ്പെട്ട വീഡിയോ ദൃശ്യം ലഭിക്കാനുളള ഹർജികൾ നേരത്തെ ഹൈക്കോടതി തളളിയിരുന്നു. ഇതിന് ശേഷമാണ് മുഴുവൻ രേഖകളും വേണമെന്ന ആവശ്യവുമായി പ്രതിഭാഗം കോടതിയെ സമീപിച്ചത്. കേസിലെ മുഴുവൻ രേഖകളും ലഭിക്കേണ്ടത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നാണ് കോടതിയിൽ അഭിഭാഷകൻ വാദിച്ചത്.

എന്നാൽ വീഡിയോ ദൃശ്യങ്ങൾ നൽകുന്നത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന നിലപാടുയർത്തിയാണ് പ്രോസിക്യൂഷൻ ഇതിനെ എതിർത്തത്.

അതേസമയം കേസിന്റെ വിചാരണയ്‌ക്ക് വനിത ജഡ്‌ജി വേണമെന്ന നടിയുടെ ഹർജിയിലും കോടതി ഇന്ന് വിധി പറയും. ഇതിന് പുറമെ കേസിൽ പ്രതിസ്ഥാനത്തുളള അഭിഭാഷകർ സമർപ്പിച്ച വിടുതൽ ഹർജിയിലും കോടതി ഇന്ന് നിലപാട് വ്യക്തമാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ