കൊച്ചി: തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നടി നൽകിയ മൊഴി സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവം കോട്ടയം എസ്‌പി എൻ.രാമചന്ദ്രൻ അന്വേഷിക്കും. കേസിൽ തട്ടിക്കൊണ്ടുപോയ സംഘം കാറിൽ വച്ച് നടിയോട് പെരുമാറിയ കാര്യങ്ങളാണ് മൂന്ന് പേജ് അടങ്ങിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. സംഭവം പൊലീസിൽ നിന്ന് തന്നെയാണ് ചോർന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ ഉള്ളത്.

തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ മൂന്ന് താളുകൾ പുറത്തുപോയത്. ഈ വിവരം നേരത്തെ വിവിധ മാധ്യമങ്ങളിൽ അടിച്ചുവന്നിരുന്നു. സ്കാൻ ചെയ്ത ഡിജിറ്റൽ രൂപത്തിലുള്ള പകർപ്പാണ് സോഷ്യൽ മീഡിയ വഴി കൈമാറിയത്.

അതേസമയം കേസിൽ നടിയുടെ ദൃശ്യങ്ങൾ ലഭിച്ചെന്ന കാര്യം തെറ്റാണെന്ന് പൊലീസിനകത്ത് അടക്കം പറച്ചിലുകളുണ്ട്.  ഇക്കാര്യം അന്വേഷണത്തിലെ വീഴ്ച മറച്ചുവയ്ക്കാനാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് കരുതുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വീണ്ടെടുക്കാനായില്ലെങ്കിൽ കേസിൽ അന്വേഷണ സംഘം ദുർബലമായി പരാജയപ്പെട്ടേക്കും.

നടിയുടെ വൈദ്യ പരിശോധനയിലും വീഴ്ച പറ്റിയതിനാൽ പീഡനശ്രമം തെളിയിക്കപ്പെടാൻ സാധ്യത കുറവാണ്.  ഇങ്ങിനെ വന്നാൽ ഇത്, സർക്കാരിനും പൊലീസിനും ഒരേ പോലെ ദുഷ്‌കീർത്തിയാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ കേസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം. വാർത്തകൾ ചോർന്നുപോകാതെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള ജാഗ്രത പൊലീസ് നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ