കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇപ്പോൾ കസ്റ്റഡിയിലുള്ള ഷൈനി തോമസിനെ ആദ്യം ചോദ്യം ചെയ്തപ്പോൾ പൊലീസ് സംശയിച്ചില്ലെന്ന് സൂചന. ഇവരെ വെറുതെ വിട്ടയച്ചതായും കോട്ടയം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതോടെയാണ് കേസിന്റെ ദിശമാറിയതെന്നും വിവരം. പൾസർ സുനിയും ഷൈനിയും തമ്മിലുള്ള ബന്ധം ഇപ്പോൾ അന്വേഷണ സംഘം ആഴത്തിൽ പരിശോധിച്ച് വരികയാണ്.
വ്യാജരേഖയുപയോഗിച്ച് പൾസർ സുനിക്ക് സിം കാർഡ് സംഘടിപ്പിച്ച് നൽകിയത് ഷൈനിയാണെന്ന് തിരിച്ചറിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. ആദ്യ ഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തപ്പോൾ പൊലീസ് ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ബൂട്ടിക് ആരംഭിക്കുന്നതിനായി പത്ത് ലക്ഷം രൂപ സംഘടിപ്പിച്ച് നൽകിയത് പൾസർ സുനിയായിരുന്നുവെന്നും ഇത് മടക്കി നൽകിയതോടെ ഈ ബന്ധം അവസാനിച്ചെന്നുമായിരുന്നു അവർ മൊഴി നൽകിയത്. ഇതേ തുടർന്ന് ഇവരെ വിട്ടയച്ചതായി പൊലീസ് വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു.
അതേസമയം കോട്ടയം പൊലീസ് കേസിൽ നിർണ്ണായക ഇടപെടൽ നടത്തിയതോടെയാണ് വീണ്ടും ഷൈനി കുടുങ്ങുന്നത്. സുനിക്ക് ഷൈനി എപ്പോഴാണ് സിം കാർഡ് കൈമാറിയത്, സിം കാർഡും കേസും തമ്മിൽ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
എന്നാൽ റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് സിം കാർഡ് എടുത്തു നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെയെല്ലാം ബിസിനസ് ഇടപാടുകളിലെ സുനിയുടെ പങ്കും പൊലീസ് അന്വേഷണ പരിധിയിൽ പെടുത്തിയിട്ടുണ്ട്.