കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശ്രമിച്ച കേസിൽ പൊലീസിന്റെ അന്വേഷണം വഴിമുട്ടി. കേസിലെ നിർണ്ണായക വിവരങ്ങളായ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്താനാകാത്തതാണ് അന്വേഷണം എങ്ങുമെത്താത്ത നിലയിൽ ആയിരിക്കുന്നത്. ഇതോടെ കേസിൽ പൊലീസ് പ്രതികളുടെ മുന്നിൽ തോൽവി സമ്മതിക്കേണ്ട സ്ഥിതിയിലായെന്ന് പൊലീസ് വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു.

നേരത്തേ അഭിഭാഷകന് പൾസർ സുനി നൽകിയ മെമ്മറി കാർഡിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ വീണ്ടെടുത്തതായി പൊലീസ് വാർത്ത അനൗദ്യോഗികമായി പങ്കുവച്ചിരുന്നു. വിവാദം കത്തിനിൽക്കുന്നതിനിടയിൽ പൊലീസിന്റെ സമ്മർദ്ദം കുറയ്ക്കാൻ തെറ്റായ കാര്യം പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കേസിൽ പൾസർ സുനിയുടെ അഭിഭാഷകരിൽ ഒരാളായ പ്രതീഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇതുവരെയായും കേസിലെ നിർണ്ണായക വിവരങ്ങൾ സംബന്ധിച്ച യാതൊന്നും ഇയാളിൽ നിന്നും പൊലീസിന് ലഭിച്ചിട്ടില്ല.

സംഭവത്തിൽ നടിയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്ന നിലപാടിലാണ് പൾസർ സുനി. ഇയാളുടെ പക്കൽ നിരവധി ഫോണുകളും സിം കാർഡുകളും മെമ്മറി കാർഡുകളും ഉണ്ടെന്ന കൂട്ടുപ്രതികളുടെ മൊഴികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

നടിയെ ആക്രമിച്ച ദിവസം തന്നെ പ്രതികളെ പിടികൂടാൻ സാധിക്കാതിരുന്നതാണ് കേസിൽ പൊലീസിന്റെ വലിയ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം പൊലീസ് സേനയ്ക്കുള്ളിൽ തന്നെ ചർച്ചയാണ്. പൊലീസിന്റെ വീഴ്ച സമൂഹ മാധ്യമങ്ങളിലും മറ്റും ആയുധമാക്കുമെന്ന് കരുതിയാണ് അന്വേഷണ സംഘം വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതായി തെറ്റായി പ്രചരണം നടത്തിയതെന്നാണ് സേനയ്ക്ക് അകത്ത് തന്നെ പരിഹാസമുയരുന്നത്.

മറ്റ് സംഭവങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ മാറിയ സാഹചര്യത്തിൽ കേസ് അന്വേഷണം ഏതെങ്കിലും വിധേന തെളിയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായാണ് അഭിഭാഷകനെയും ചോദ്യം ചെയ്തത്. അതേ സമയം ദൃശ്യങ്ങൾ വീണ്ടെടുത്തില്ലെങ്കിൽ സംഭവത്തിൽ പ്രതികൾക്കെതിരെ, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം എന്ന വാദം ഉന്നയിക്കാനും തെളിയിക്കാനും പ്രൊസിക്യൂഷന് സാധിച്ചേക്കില്ല.

പൾസർ സുനിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇയാൾ കുറ്റം സമ്മതിച്ചിട്ടുമില്ല. കേസുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനയിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളാണ് ഇപ്പോഴുള്ളത്. ഇത് നടിയുടെ മൊഴിയെ ഭാഗികമായി മാത്രമേ പിന്തുണയ്ക്കൂ. ദൃശ്യങ്ങളില്ലാതെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ പൊലീസിന് കോടതിയുടെ രൂക്ഷമായ വിമർശനവും നേരിടേണ്ടി വന്നേക്കും.

90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. ഇത് കഴിഞ്ഞാൽ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യവും ഉണ്ട്. ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പ്രതികൾ നടിയെ ഭാവിയിൽ ഭീഷണിപ്പെടുത്തിയേക്കുമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. എഡിജിപി ബി സന്ധ്യയ്ക്കാണ് കേസിന്റെ മേൽനോട്ട ചുമതലയുള്ളത്. ഇവർക്കെതിരെ സേനയ്ക്ക് അകത്ത് തന്നെ അവിശ്വാസം ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ