കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യപ്രതി പൾസർ സുനിയെ പിടികൂടാൻ സാധിക്കാത്തത് പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നു. പ്രതി എവിടെയാണെന്ന് കൃത്യമായ നിഗമനം അന്വേഷണ സംഘത്തിന് ഇതുവരെയില്ല. അതേസമയം സംഭവത്തിൽ കൂടുതൽ സിനിമ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു.

കേസിൽ നാലാമതായി പിടിയിലായ മണികണ്ഠനെ ഇന്നലെ കോടതി റിമാന്റ് ചെയ്തു. ഇയാൾ മുഖ്യപ്രതിക്കൊപ്പം നടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നു. ഇയാളിൽ നിന്ന് സുനിയെ കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞതാണെന്ന വിവരം പുറത്തുവന്നതോടെ പൊലീസ് മറ്റ് വഴികൾ അന്വേഷിച്ചു.

പ്രതി അടുത്ത ബന്ധമുള്ള ആരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നില്ലെന്നതാണ് പൊലീസിനെ കുഴയ്‌ക്കുന്നത്. അതേസമയം സിനിമ മേഖലയിൽ സുനിയ്‌ക്ക് ബന്ധമുള്ളവരെയും, കഴിഞ്ഞ ഒരു മാസത്തിനിടയിൽ കൂടുതൽ തവണ ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

നടി അവസാനമായി അഭിനയിച്ച ഹണിബീ 2 ന്റെ അണിയറക്കാരെയും ഇതോടൊപ്പം ചോദ്യം ചെയ്യും. ഇതിനായി അന്വേഷണ സംഘം മുന്നോട്ട് വന്നെങ്കിലും ഇവരെ വിളിച്ചുവരുത്തുന്നതിന് മുൻപ് പൾസർ സുനി പിടിയിലാകണമെന്ന ഉന്നത തലത്തിൽ നിന്നുള്ള നിർദ്ദേശവും അന്വേഷണ സംഘത്തിനുണ്ട്.

സുനിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാൾക്കൊപ്പമുളള വിജീഷിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. ഇരുവരുടെയും പക്കൽ ഇപ്പോൾ ആറായിരം രൂപ മാത്രമായിരിക്കും അവശേഷിച്ചിരിക്കുകയെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അങ്ങിനെയാണെങ്കിൽ നാല് ദിവസത്തിനകം ഇവരെ പിടികൂടാൻ സാധിക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് ഇവരുള്ളത്.

അതേസമയം സുനിയുമായി അടുത്ത ബന്ധമുള്ള ഇരുപതോളം പേർ നിരന്തരം പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെയും വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ