കൊച്ചി: മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ചലച്ചിത്ര താരം രഹസ്യമൊഴി നൽകുന്നു. കളമശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് താരം ഇപ്പോഴുള്ളത്. വനിത ജഡ്ജിയായതിനാലാണ് താരം ഈ കോടതിയിൽ രഹസ്യമൊഴി നൽകാനെത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് താരം കളമശേരിയിലെ കോടതിയിലെത്തിയത്. ഒന്നര മണിക്കൂറോളമായി ഇവർ കോടതി മുറിക്കുള്ളിലാണ്.

വെള്ളിയാഴ്ച രാത്രിയാണ് തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന താരത്തെ മൂന്നംഗ സംഘം വഴിയിൽ വച്ച് ആക്രമിച്ചത്. പിന്നീട് ഇവരുടെ അപകീർത്തികരമായ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നാണ്. സംഭവത്തിൽ രാവിലെ കളമശേരി മെഡിക്കൽ കോളേജിൽ താരം വൈദ്യ പരിശോധനയ്ക്ക് വിധേയയായിരുന്നു.

വൈദ്യ പരിശോധനയിൽ ഇവർ ആക്രമിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. ഇതേ തുടർന്നാണ് പ്രതികകൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് പുറമേ മാനഭംഗശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്‌തത്. കസ്റ്റഡിയിലുള്ള മാർട്ടിനെ ചോദ്യം ചെയ്തെങ്കിലും രക്ഷപ്പെട്ട പ്രതികളെ കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

താരത്തെ പാലാരിവട്ടത്ത് ഇറക്കിവിട്ട ശേഷം ഗാന്ധിനഗറിലെ ഫ്ലാറ്റിലേക്ക് പോയ പ്രതികൾ പിന്നീട് എങ്ങോട്ടേയ്‌ക്കാണ് പോയതെന്ന് പൊലീസിന് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. ഇവർ സംസ്ഥാനമൊട്ടുക്ക് പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്. മൂവരും സംസ്ഥാനം കടന്നതായി പൊലീസ് സംശയിക്കുന്നില്ല. സംസ്ഥാനത്തിനകത്ത് തന്നെ രഹസ്യകേന്ദ്രത്തിലാണ് എല്ലാവരും ഉള്ളതെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ