/indian-express-malayalam/media/media_files/uploads/2022/03/actor-vinayakan-apologizes-to-media-person-for-his-comments-632915-FI.jpg)
നടൻ വിനായകൻ (ഫയൽ ചിത്രം)
കൊച്ചി: എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടന്‍ വിനായകനെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്റ്റേഷനിൽ വിളിച്ച് കുടുംബ പ്രശ്നങ്ങളിൽ പരാതിപ്പെട്ട വിനായകൻ, വൈകിട്ടോടെ സ്റ്റേഷനിലെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ലഹരി ഉപയോഗിച്ചാണ് വിനായകൻ എത്തിയതെന്ന് പൊലിസ് പറഞ്ഞു.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് വിനായകന്‍ ഉച്ചയ്ക്ക് നോർത്ത് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടിരുന്നതായി പൊലിസ് വിശദീകരിച്ചു. തുടര്‍ന്ന് പൊലിസ് വിനായകന്റെ വീട്ടിലെത്തി. ഇവിടെ വച്ചാണ് വിനായകന്‍ പൊലീസുകാരോട് ആദ്യം മോശമായി പെരുമാറിയത്. തുടർന്ന് പൊലീസ് സംഘം മടങ്ങി. വൈകിട്ട് 6.30 ഓടെയാണ് നടൻ പൊലിസ് സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കിയതെന്നും പൊലിസ് പറഞ്ഞു. എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ വിനായകൻ പരസ്യമായി സിഗരറ്റ് വലിച്ചതിന് പൊലീസ് ആദ്യം പിഴയീടാക്കി. ഇതിന് ശേഷം സ്റ്റേഷനില്‍ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു എന്നും പൊലിസ് പറയുന്നു.
ലഹരി ഉപയോഗിച്ച് പൊതുസ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറി, സർക്കാർ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു, തുടങ്ങിയ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, പൊലീസിന് എന്തുവേണമെങ്കിലും പറയാമല്ലോ, പറയാനുള്ളത് സ്റ്റേഷനിൽ വച്ച് പറയുമെന്ന് വൈദ്യ പരിശോധനയ്ക്കിടെ നടൻ പറഞ്ഞു. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
അടുത്തിടെ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.