തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനേയും പ്രശംസിച്ച് സംവിധായകനും നടന്‍ വിജയിന്റെ പിതാവുമായ എസ്.എ ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ചന്ദ്രശേഖരന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

‘കേരള സര്‍ക്കാര്‍ ഒട്ടനവധി നല്ല കാര്യങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. അപകടത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേരള സര്‍ക്കാരിന്റെ നടപടികള്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. മികച്ചരീതിയിലാണ് കേരളത്തിലെ ഭരണം’ ചന്ദ്രശേഖരന്‍ പറഞ്ഞു.

തമിഴ്‌നാട് അടക്കം മറ്റുസംസ്ഥാനങ്ങളില്‍ അഴിമതി കൂടുമ്പോള്‍ കേരളത്തില്‍ ആ സാഹചര്യമില്ല. ബിജെപി സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയത് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിച്ചു. എല്ലാവരും ജിഎസ്ടിയുടെ ഫലം അനുഭവിയ്ക്കുകയാണിപ്പോള്‍. വിജയ് നായകനായ മര്‍സല്‍ സിനിമയില്‍ ജിഎസ്ടിയെ കുറിച്ച് തെറ്റായി ഒന്നും പറയുന്നില്ല. ജിഎസ്ടി പരാമര്‍ശം ചൂണ്ടിക്കാട്ടി ചിത്രത്തിനെതിരെ ബിജെപി നടത്തിയ പ്രചാരണം സിനിമയ്ക്ക് ഗുണം ചെയ്തു.

വിജയുടെ രാഷ്ട്രീയം എന്താണെന്ന് അറിയില്ല. കമല്‍ഹാസന്‍ ഞങ്ങള്‍ അടങ്ങുന്ന സിനിമ കുടുംബത്തിലെ അംഗമാണ്. മഹാനായ നടനാണ് കമല്‍. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മാറ്റം ഉണ്ടാകണം. കേരള സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ അഭിനന്ദങ്ങളും ആശംസങ്ങളും നേരുന്നതായും എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു.


കടപ്പാട്: മാതൃഭൂമി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ