തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടും എംഎൽഎ ഡി.കെ.മുരളിയും ക്വാറന്റൈനില്‍. വെഞ്ഞാറമൂടില്‍ സർക്കിൾ ഇൻസ്പെക്ടർക്കൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ക്വാറന്റൈനില്‍ പോയത്. സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

താൻ ക്വാറന്റെെനിൽ ആണെന്ന വിവരം സുരാജും സ്ഥിരീകരിച്ചു. ക്വാറന്റെെനിൽ പോകേണ്ടിവന്ന സാഹചര്യത്തെ കുറിച്ച് സുരാജ് പറയുന്നത് ഇങ്ങനെ:

Dear Friends,

കേരള സർക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള എന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാൻ വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്കിനു വിട്ടു നൽകുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎൽഎ ശ്രീ. ഡി.കെ.മുരളി നിർവഹിക്കുകയും ഞാൻ ആ ചടങ്ങിൽ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങിൽ വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടറും പങ്കെടുത്തിരുന്നു. എന്നാൽ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്. അതിനാൽ പോലീസ് ഇൻസ്പെക്ടറും മറ്റു പോലീസുകാരും ഇപ്പോൾ ഹോം ക്വാറന്റെെനിൽ ആണ്. ആ ഉദ്ഘാടനച്ചടങ്ങിൽ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു. മാസ്കും ധരിച്ചിരുന്നു. എങ്കിലും സുരക്ഷാർത്ഥം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ പ്രവർത്തകർ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാൽ ഞാൻ ഹോം ക്വാറന്റെെനിൽ തുടരുന്നതാണ്…

കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനു മാതൃക ആയത് മാനസികമായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലർത്തിയ സാമൂഹിക അകലം കൊണ്ട് ആണ്. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു. ആരോഗ്യ പ്രവർത്തകർ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങൾ അർഹിക്കുന്നു. എത്രയും പെട്ടെന്ന് നേരിൽ കാണാമെന്ന വിശ്വാസത്തോടെ

നിങ്ങളുടെ, സുരാജ് വെഞ്ഞാറമൂട്

മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാറില്‍ സഞ്ചരിച്ച ഇവര്‍ ബൈക്കില്‍ എതിരെ വരികയായിരുന്നു പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also: ആ മോണ കാട്ടിയുള്ള ചിരി എന്നെ ഏറെ സന്തോഷിപ്പിച്ചു: പിണറായി വിജയൻ

പ്രതികളെ റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ച പ്രതിയോട് അടുത്തിടപഴകിയിരുന്ന ഇരുപതോളം ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിർദേശിച്ചിട്ടുണ്ട്. ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പതിനാല് ജീവനക്കാര്‍ ജയിലില്‍ തന്നെ നിരീക്ഷണത്തില്‍ തുടരും. അതേസമയം ഡ്യൂട്ടി കഴിഞ്ഞ് പുറത്തുപോയ ജീവനക്കാര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.