തിരുവനന്തപുരം: നടൻ സുധീർ കരമനയുടെ വീടു പണിക്കായി കൊണ്ടുവന്ന സാധനങ്ങൾ ഇറക്കാൻ യൂണിയനുകൾ നോക്കുകൂലി വാങ്ങി. ഗ്രാനൈറ്റും മാർബിളും ഇറക്കാൻ 25,000 രൂപയാണ് മൂന്നു യൂണിയനുകൾ നോക്കുകൂലിയായി വാങ്ങിയത്.
തിരുവനന്തപുരം ചാക്കയിൽ ബൈപ്പാസിനോട് ചേർന്നാണ് സുധീർ കരമന പുതിയ വീട് വയ്ക്കുന്നത്. വീട് പണിക്കായി ഇന്നലെ ഗ്രാനൈറ്റും മാർബിളും കൊണ്ടുവന്നിരുന്നു. സാധനങ്ങൾ വാങ്ങിയ കമ്പനി തന്നെ ഇറക്കുന്നതിന് ആളെ കൂടെ വിട്ടിരുന്നു. ഇതിനായി 16,000 രൂപ കൊടുക്കുകയും ചെയ്തു.
പക്ഷേ സാധനങ്ങൾ സ്ഥലത്ത് എത്തിച്ചപ്പോൾ 3 യൂണിയനുകൾ സ്ഥലത്തെത്തി ബഹളം വച്ചു. സാധനങ്ങൾ ഇറക്കി നൽകാൻ 25,000 രൂപ ആവശ്യപ്പെട്ടു. ഒടുവിൽ പണം നൽകിയെങ്കിലും ഇവർ സാധനങ്ങൾ ഇറക്കാതെ പോയി.ജോലിക്കാർ മാത്രമാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. തൊടുപുഴയിൽ ഷൂട്ടിങ്ങിലായിരുന്നു നടൻ. അനുവാദമില്ലാതെ വീടിനകത്ത് പരിശോധന നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും നടൻ പരാതിപ്പെട്ടു.