കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീനിവാസൻ. സിൽവർ ലൈൻ വന്നില്ലെങ്കിൽ ആരും മരിക്കില്ലെന്നും ഭക്ഷണം പാർപ്പിടം മുതലായ അടിസ്ഥാന കാര്യങ്ങളിലാണ് ശ്രദ്ധവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു നടന്റെ പ്രതികരണം.
സില്‍വര്‍ ലൈൻ കടമെടുത്താലെ നടക്കുകയുള്ളൂ. അങ്ങനെ വലിയ ബാധ്യത വരുത്തിവെയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.
“ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തിൽ ചെയ്യുമ്പോൾ അതിനേക്കാൾ അത്യാവശ്യമുള്ള പ്രാഥമികമായ ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തിൽ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. പാർപ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോലെ അതിവേഗത്തിൽ ഓടാൻ.” അദ്ദേഹം പറഞ്ഞു.
മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പദ്ധതിയില്‍നിന്ന് നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന് പ്രതികരിച്ചു.
Also Read: അതിവേഗ പാത വേണ്ടെന്നുവച്ചത് ഭീമമായ ബാധ്യതയും ജനരോഷവും പരിഗണിച്ച്: ഉമ്മൻ ചാണ്ടി
അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ചിട്ടു മതി വേഗത്തിൽ ഓടുന്ന ട്രെയിൻ. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അത്രയും പണം കൊടുത്ത് അതിൽ ചെയ്യാനാകൂ. ഈ റെയിൽ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും എതിർപ്പുകൾക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറയുന്നതിനിടയിലാണ് നടൻ ശ്രീനിവാസനും പദ്ധതിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.