കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് പിന്തുണയുമായി ശ്രീനിവാസൻ. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ശ്രീനിവാസൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. ദിലീപിന്റെ നിപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.

സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നടനും എംഎൽഎയുമായ എം.ബി.ഗണേഷ്കുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവർ ആപത്തിൽ അദ്ദേഹത്തെ തള്ളിപ്പറയാതെ കൂടെ നിൽക്കണമെന്ന് ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചശേഷം ഗണേഷ്കുമാർ ആവശ്യപ്പെട്ടിരുന്നു. നടൻമാരായ ജയറാം, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുധീർ, സംവിധായകരായ രഞ്ജിത്, നാദിർഷാ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂർ ജോർജ് നടൻ വിജയരാഘവൻ, നിർമാതാവ് എം.രഞ്ജിത്ത് തുടങ്ങിയവർ ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു.

നേരത്തെ, ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും ദിലീപിനെ കാണാനെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ