കൊച്ചി: മോഹൻലാൽ ചിത്രം ശിക്കാറിൽ അഭിനയിച്ചു കൊണ്ടിരിക്കെ മരണപ്പെട്ട നടൻ ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്നും ശ്രീനാഥിന്റെ സഹോദരൻ ആവശ്യപ്പെട്ടു. മരണത്തില്‍ അസ്വാഭാവികയുണ്ടെന്നും നിയമനടപടികള്‍ക്ക് ആലോചിക്കുകയാണെന്നും ഭാര്യ ലതയും പറഞ്ഞു. ശ്രീനാഥിനെ 2010 ഏപ്രില്‍ 23-ന് കോതമംഗലത്ത് സ്വകാര്യ ഹോട്ടലിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടതു സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളുണ്ടായിരുന്നതായും അവര്‍ പറഞ്ഞു.

‘മോഹന്‍ലാല്‍ സിനിമയായ ശിക്കാറില്‍ അഭിനയിക്കാനാണ് 41 ദിവസത്തെ ഡേറ്റില്‍ ശ്രീനാഥ് ഏപ്രില്‍ 17 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു പോയത്. 21നു വൈകിട്ടു ഫോണില്‍ സംസാരിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫോണില്‍ ലഭിച്ചില്ല. പിന്നീടറിഞ്ഞത് മരണവാര്‍ത്തയാണ്. സിനിമയുമായി ബന്ധപ്പെട്ടവര്‍ ആരെങ്കിലും വരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സിനിമയില്‍ നല്ലൊരു റോള്‍ നല്‍കാമെന്നു പറഞ്ഞതിനാലാണ് അദ്ദേഹം പോയത്. അവിടെച്ചെന്ന ശേഷം റോളില്‍ നിന്ന് ഒഴിവാക്കിയതും മറ്റൊരു നടന്‍ അഭിനയിക്കാനെത്തിയതും ശ്രീനാഥിനെ ഏറെ വിഷമിപ്പിച്ചിരുന്നെന്ന് പിന്നീടറിഞ്ഞു. ഇതു സംബന്ധിച്ച് ആരും വ്യക്തമായ മറുപടി നല്‍കിയില്ല’ ലത മംഗളത്തോട് പറഞ്ഞു.

‘അമ്മ’ സംഘടന എന്തെങ്കിലും ചെയ്യുമെന്നു കരുതി കാത്തിരുന്നു. അംഗത്വം ഇല്ലെന്നറിഞ്ഞിട്ടും സിനിമയില്‍ അഭിനയിക്കാന്‍ എന്തിനു വിളിച്ചു എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി കിട്ടിയില്ല. ഒരു അഭിഭാഷകന്‍ വഴി വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് എഫ്.ഐ.ആറിന്റെ പകര്‍പ്പ് ലഭിച്ചത്. ശ്രീനാഥിന്റെ ശരീരത്തില്‍ ആഴത്തിലുള്ള പത്ത് മുറിവുകളുണ്ടായിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആത്മഹത്യ ചെയ്തതാണെങ്കില്‍ അതെങ്ങനെവന്നു? ശ്രീനാഥിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വീട്ടില്‍നിന്നു കൊണ്ടുപോയ വസ്തുക്കളൊന്നും തിരികെ ലഭിച്ചിട്ടില്ല. ഇതും സംശയം വര്‍ധിപ്പിക്കുന്നു’

‘കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. അന്ന് ഇക്കാര്യങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും ഇപ്പോള്‍ എച്ച്.എം.എസ്. സംസ്ഥാന െവെസ് പ്രസിഡന്റുമായ മനോജ് ഗോപിയുമായി സംസാരിച്ചിരുന്നു. റോളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വാഗ്ദാനം ചെയ്ത പണം കിട്ടാതെ മുറി ഒഴിയില്ലെന്നു ശ്രീനാഥ് നിലപാടെടുത്തെന്നും മുറിവാടക പോലും നല്‍കില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതായി ഹോട്ടല്‍ മാനേജരെ അറിയിച്ചതായി അഭ്യൂഹമുണ്ടെന്നും പറഞ്ഞത് അദ്ദേഹമാണ്. മരണം നടന്ന അന്നു പുലര്‍ച്ചെ ആരൊക്കെയോ മുറിയിലെത്തി ശ്രീനാഥിനെ മര്‍ദിച്ചതായും കേട്ടിരുന്നു’

‘പണത്തിനായി ശ്രീനാഥ് ബഹളമുണ്ടാക്കാനുള്ള സാധ്യത കുറവാണ്. മൃതദേഹം തൊട്ടടുത്ത ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലാണു കൊണ്ടുപോയത്. ഇതും സംശയത്തിനു കാരണമാണ്. ശ്രീനാഥിന്റെ അനുസ്മരണദിനത്തില്‍ നടന്‍ തിലകന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കുമ്പോള്‍ സംശയത്തിന്റെ ഒട്ടേറെ മുനകളാണ് ഉയരുന്നതെന്നും ലത ശ്രീനാഥ് പറഞ്ഞു.

സിനിമ സെറ്റിൽ ഉണ്ടായ തർക്കത്തെ കുറിച്ച് ഒരു അന്വേഷണവും നടന്നിട്ടില്ലെന്ന് ശ്രീനാഥിന്റെ സഹോദരനും പറയുന്നു. ശ്രീനാഥിന്റെ ഫോൺ നഷ്ടപ്പെട്ടത് നിർണായകമാണെന്നും ശിക്കാറിന്റെ സെറ്റിൽ നിന്നും ഒരാൾ പോലും സംസ്കാര ചടങ്ങുകൾക്കെത്തിയില്ലെന്നും സഹോദരൻ വ്യക്തമാക്കുന്നു. അടുത്ത വ്യക്തിബന്ധമുണ്ടായിട്ടും മോഹൻ ലാൽ പോലും തിരിഞ്ഞു നോക്കിയില്ലെന്നും സഹോദരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണിപ്പോൾ ശ്രീനാഥിന്റെ കുടുംബം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ